ബംഗളൂരു: അപാരമായ ബുദ്ധി ശേഷിയുള്ള ജീവിയാണ് ആന. കാര്യങ്ങള്‍ മനസിലാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള അവയുടെ കഴിവ് പ്രശസ്തമാണ്. അത്തരമൊരു വീഡിയോ ആണ് പുതിയതായി സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്നത്.

ദാഹിച്ചു വലഞ്ഞ ഒരു ആന റോഡിലൂടെ പോവുന്ന ടാങ്കര്‍ വണ്ടി നിര്‍ത്തിപ്പിച്ച് വെള്ളം കുടിക്കുന്നതാണ് വീഡിയോ. കര്‍ണാടകയിലാണ് സംഭവം. വെള്ളം വഹിച്ചു പോവുകയായിരുന്ന വാഹനം നിര്‍ത്തിപ്പിച്ച ആന ടാങ്കറിന്റെ ലിഡ് തുറക്കാന്‍ ഡ്രൈവറോട് ആംഗ്യം കാണിച്ചു. എന്നാല്‍ ആന തന്റെ നേര്‍ക്ക് അടുക്കുകയാണെന്നാണ് ഡ്രൈവര്‍ ആദ്യം കരുതിയത്. പരിഭ്രമിച്ച അദ്ദേഹം അസ്വസ്ഥനായി നിന്നു. തുടര്‍ന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി ആനന്ദ് സിങ്ങിന്റെ മകന്‍ സിദ്ധാര്‍ഥാണ് ആന ലിഡ് തുറക്കാനാണ് ആവശ്യപ്പെടുന്നതെന്ന കാര്യം അറിയിച്ചത്. ഇതോടെ ഡ്രൈവര്‍ ടാങ്കറിന്റെ ലിഡ് തുറന്നു നല്‍കി. മതിരുവോളം വെള്ളം കുടിച്ച ശേഷം ആന യാത്ര തുടര്‍ന്നു.

കര്‍ണാടകയിലെ ഹമ്പി ഉത്സവത്തിനിടെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ഉത്സവത്തില്‍ പങ്കെടുത്ത ആനയായിരുന്നു യാത്രക്കിടെ ടാങ്കര്‍ തടഞ്ഞു നിര്‍ത്തി വെള്ളം കുടിച്ചത്.