കൊച്ചി: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ മന്ത്രി കെ.ടി ജലീല്‍. യുഎഇയില്‍ നിന്ന് കോണ്‍സുലേറ്റ് വഴി കേരളത്തിലെത്തിയ 40 പെട്ടികളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും ചോദ്യങ്ങളുന്നയിച്ചത്. ഇതില്‍ മതഗ്രന്ഥങ്ങളാണ് എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. എന്നാല്‍ മതഗ്രന്ഥങ്ങള്‍ അയക്കാറില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞതോടെ മന്ത്രി കുരുങ്ങിയിരുന്നു.

സ്വപ്‌ന സുരേഷുമായുള്ള ബന്ധങ്ങളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ജലീലിനെ ചോദ്യം ചെയ്തു. യുഎഇ കോണ്‍സുലേറ്റ് വഴി വന്ന പെട്ടികളെ കുറിച്ച് സംസാരിക്കാനാണ് സ്വപ്നയെ വിളിച്ചത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി ചോദ്യം ചെയ്തു. സ്വര്‍ണക്കടത്തുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചതായാണ് വിവരം. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

നേരത്തെ, ഇതേ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനു ശേഷമാണ് അന്വേഷണ സംഘം മന്ത്രിയെയും ചോദ്യം ചെയ്യുന്നത്.