ആതന്‍സ്: യൂറോപ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായ ഗ്രീസിലെ മോറിയ പൂര്‍ണമായും കത്തിനശിച്ചു. ലെസ്‌ബോസ് ദ്വീപിലുള്ള ക്യാമ്പില്‍ 13000ഓളം അഭയാര്‍ഥികളാണ് താമസിച്ചിരുന്നത്.

2,200 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ക്യാമ്പില്‍ 4000ല്‍ അധികം കുട്ടികള്‍ അടക്കമാണ് താമസിച്ചിരുന്നതെന്ന് ഐക്യരാഷ്ട്രസഭ അഭയാര്‍ഥി സംഘടന വ്യക്തമാക്കി. ക്യാമ്പ് ഇല്ലാതായതോടെ പലരും തുറസ്സായ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലുമാണ് കിടന്നുറങ്ങിയത്.

അന്തേവാസികളായ 35 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം മുതല്‍ ക്യാമ്പില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം രാത്രി പ്രതിഷേധക്കാര്‍ ചില ഭാഗങ്ങളില്‍ തീയിടുകയും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നതായും ഇതിനിടെയാണ് തീപടര്‍ന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.