ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടു കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയം. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയാണു വഴിയടഞ്ഞത്. അടുത്ത ചര്‍ച്ച ഈ മാസം 15ന് നടക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം ഉറപ്പു നല്‍കിയില്ല. എന്നാല്‍ ഭേദഗതികള്‍ ആകാമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചു. പ്രതിഷേധ സൂചകമായി കര്‍ഷകര്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ചു.

നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും യോഗ വേദിയില്‍ കര്‍ഷകര്‍ ഉയര്‍ത്തി. നിശ്ചയിച്ചതിലും 40 മിനിറ്റ് വൈകിയാണു ചര്‍ച്ച തുടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ വിജ്ഞാന്‍ ഭവനിലെത്തിയത്. 40 കര്‍ഷക സംഘടനാ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കടുത്തത്.

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നു ചര്‍ച്ചയ്ക്കു മുമ്പ് കര്‍ഷകര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്ന പതിവു വാഗ്ദാനം നല്‍കാനാണു കേന്ദ്രത്തിന്റെ ഭാവമെങ്കില്‍ പ്രക്ഷോഭം തുടരും. റിപ്പബ്ലിക് ദിനത്തില്‍ സമാന്തര പരേഡ് നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും കര്‍ഷകര്‍ അറിയിച്ചു.