തിരുവനന്തപുരം: കാര്‍ഷിക നിയമത്തിലൂടെ രാജ്യത്തെ കര്‍ഷകരുടെ അവകാശങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതുന്ന ബിജെപി സര്‍ക്കാറിന്റെ കാപട്യം തുറന്നുകാട്ടി മുസ്‌ലിം ലീഗ് എംഎല്‍എ ടി.എ അഹമ്മദ് കബീര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു അഹമ്മദ് കബീറിന്റെ പ്രൗഢഗംഭീര പ്രഭാഷണം.

നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ അര്‍ബന്‍ നക്‌സലുകളെന്നും ഭീകരവാദികളെന്നും ഖാലിസ്ഥാന്‍ വാദികളെന്നും മുദ്രകുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ നിയമം ഭരണവര്‍ഗ ഗൂഢാലോചനയാണ്. കര്‍ഷകരെ സംബന്ധിച്ച വിഷയം ഒന്നുകില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടണം. അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയണം. എന്നാല്‍ പാര്‍ലമെന്റ് പോലും സമ്മേളിക്കാതെ തന്നിഷ്ടപ്രകാരം നിയമം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ല.

ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിന് അധികാരവും അവകാശവുമില്ല. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ബ്രിട്ടീഷ് ഭരണകാലത്തേക്ക് കൊണ്ടുപോവുകയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ അട്ടിമറിക്കുകയാണ്. ജനങ്ങള്‍ക്ക് വലുത് ദേശീയപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളാണ്. കര്‍ഷക സമരം ഷാഹിന്‍ബാഗ് മോഡലിനെ ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീകള്‍ അഭിമാനത്തോടെയാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നത്.

ആറു മാസത്തേക്കുള്ള ഭക്ഷണം കരുതിയാണ് അവര്‍ സമരഭൂമിയിലെത്തിയത്. അവര്‍ കൊടും ശൈത്യത്തില്‍ പിടഞ്ഞുവീണ് മരിക്കുന്നു. ഏതാനും പേര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ ഇതൊരു സമാധാനപരമായ സമരാണ്. മാതൃകാപരമായ സമരമാണ്. അവരുടേത് ന്യായമായ ആവശ്യങ്ങളാണ്. സി.എ.സി.പിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും സ്വാമിനാഥന്‍ ശുപാര്‍ശകള്‍ പരിഗണിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. ഡോ. എസ്എസ് ജോഷി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നയം രൂപീകരിക്കണമെന്നാണ് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

കര്‍ഷകര്‍ക്ക് ന്യായവില നല്‍കിയാല്‍ പോരാ, താങ്ങുവില തന്നെ നല്‍കണം. അതൊരു നയമാണ്. ആ നയമാണ് നിയമമായി മാറേണ്ടത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല. സ്റ്റോറേജ് ഇല്ലെന്നാണ് പറയുന്നത്. ഇത്രവലിയ ഒരു രാജ്യത്തിന് സ്റ്റോറേജ് സംവിധാനം ഇല്ലെങ്കില്‍ അതുണ്ടാക്കുകയാണ് വേണ്ടത്. നിയമസഭ ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ ശക്തമായ പരാമര്‍ശം പ്രമേയത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.