കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ബേപ്പൂര്‍ തീരത്തിനരികെ കടലില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്.

തീരത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ ശ്രമം തുടങ്ങി. തീരദേശ പോലീസും മീന്‍പിടുത്ത ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഉച്ചയോടെ ഇവ കരയ്ക്കടുപ്പിക്കാന്‍ സധിക്കുമെന്നാണ് സൂചന. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. ഇന്നലെ കോഴിക്കോട് തീരത്തു നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

അതേ സമയം ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് എത്രവേഗം സഹായമെത്തിക്കാം എന്നത് സംബന്ധിച്ച് സെക്രട്ടറിതല സമിതിയോട് ശുപാര്‍ശകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണനയ്ക്ക് വന്നേക്കും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുവിപണിയില്‍ നിന്ന് വായ്പയെടുക്കുന്നത് മന്ത്രിസഭ പരിഗണിക്കും. പ്രതിസന്ധി പരിഹരിക്കുന്നതിനൊരു മാര്‍ഗമായി പെന്‍ഷന്‍പ്രായം 58 ആയി ഉയര്‍ത്താനുളള നിര്‍ദേശം മന്ത്രിസഭയുടെ മുന്നിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകില്ല എന്നാണ് സൂചന