തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ നിന്നും ചിലവായ പണം നല്‍കി തടിയൂരാന്‍ സി.പി.എം ശ്രമം. വിവാദമായ യാത്രയ്ക്ക് ചിലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കിയേക്കുമെന്നാണ് വിവരം.

യാത്രാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍, വിഷയത്തില്‍ നാളെ ചേരുന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പൊതു ഖജനാവില്‍ നിന്ന് പണം ചിലവാക്കുന്ന കാര്യത്തില്‍ ഭിന്നമായ അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ പറ്റുമെന്ന് പാര്‍ട്ടി ആലോചിക്കും. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്ത് വേണ്ടത് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

തൃശൂരില്‍ സിപിഎമ്മിന്റെ ജില്ല സമ്മേളന വേദിയില്‍ നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത്. ഇതിനായി ഹെലികോപ്റ്ററിന് എട്ട് ലക്ഷം വാടക നല്‍കി. 13 ലക്ഷമായിരുന്നു കമ്പനി ചോദിച്ചത്. എന്നാല്‍ വിലപേശി ഇത് എട്ട് ലക്ഷമാക്കുകയായിരുന്നു.