ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്‌: കൊച്ചി-മംഗലാപുരം ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ ഇരകളുടെ ചെറുത്തു നില്‍പ്പിനെതിരെ കൂടുതല്‍ വര്‍ഗീയ പ്രചാരണവുമായി സി.പി.എം നേതാക്കള്‍ രംഗത്ത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്‍’ എന്ന ആരോപണത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ മന്ത്രി തോമസ് ഐസക്ക്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയില്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരാണ് രംഗത്തു വന്നത്.

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇസ്‌ലാമിക വിരുദ്ധ പ്രസ്താവനക്കെതിരെ വിവിധ മേഖലകളിലെ പ്രമുഖരാണ് രംഗത്തു വന്നത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം’ അതാണ് ഹൈലൈറ്റ്. കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സി.പി.എമ്മില്‍ ലയിക്കണം. ഇവിടെ നിങ്ങള്‍ വെവ്വേറെയായി നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല.”എന്ന വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഉള്‍പ്പെടെ ചര്‍ച്ചയായപ്പോഴാണ് കൂടുതല്‍ പ്രകോപനപരമായ വാക്കുകളുമായ സി.പി.എം നേതാക്കള്‍ രംഗത്തു വന്നത്.

gail -1 gail -2gail -3

gail -4(ഉന്നത സി.പി.എം നേതാക്കളും ജനപ്രതിനിധികളും നേതൃത്വം കൊടുത്ത ഗെയില്‍ വിരുദ്ധ സമരത്തിന്റെ രേഖകള്‍)

ചിലര്‍ തടസം നില്‍ക്കുകയാണെന്നും വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചതിന് പിറകെ, ഇത്തരം പ്രചാരണങ്ങളെ തള്ളിപ്പറയുമെന്ന പ്രതീക്ഷിച്ചിരുന്ന മന്ത്രി കെ.ടി ജലീലീലാവട്ടെ, ”വിമാനം തടയാന്‍ കഴിയാത്തതു കൊണ്ടാണ് വികസന വിരോധികള്‍ അതിന് ശ്രമിക്കാത്തത്. അല്ലെങ്കില്‍ മഹല്ല് കമ്മറ്റിയുടെ അനുവാദമില്ലാതെ പള്ളിപ്പറമ്പിന് മുകളിലൂടെ പറത്തുന്നതെങ്ങനെയെന്ന് പറയുമായിരുന്നു” എന്ന പരഹാസവുമായി രംഗം കൊഴുപ്പിച്ചത്.

”ആശങ്കകളെ പര്‍വ്വതീകരിച്ച് ഗവണ്മെന്റ് വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് മതതീവ്രവാദ ശക്തികള്‍ പരിശ്രമിക്കുന്നത്. അതില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മാവോയിസ്റ്റുകളുമുണ്ട്. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിയ സമരത്തില്‍ ഇവര്‍ നുഴഞ്ഞുകയറി. മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇവിടെയും വ്യക്തമായത്’ എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച പി ജയരാജനെ കടത്തിവെട്ടിയാണ് ഡി.വൈ.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ ജോയിന്‍ സെക്രട്ടറിയും പനങ്ങാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മയീല്‍ കുറുമ്പൊയില്‍ രംഗത്തെത്തിയത്. ”അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനു ശേഷം പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു” എന്ന അത്യന്തം പ്രകോപനപമായാണ് അദ്ദേഹത്തിന്റെ ആരോപണം.

എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ഗെയില്‍ വിരുദ്ധ സമരം കൊടുമ്പിരികൊള്ളുന്ന കൊടിയത്തൂര്‍ പഞ്ചായത്തിലും മുക്കം നഗരസഭയിലും സി.പി.എം ഭരണം നടത്തുന്നത്. മലപ്പുറത്തെ നിരവധി പഞ്ചായത്തുകളിലും ഈ കൂട്ടുകെട്ട് പ്രകടമാണ്. അത്തരം ഘടകക്ഷിയെ ഗെയിലിന് വേണ്ടി മോശമായ ആരോപണം ഉന്നയിക്കുന്നതും തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളാവുന്നതും മതേതര കക്ഷികളെ ഞെട്ടിച്ചിട്ടുണ്ട്. ഗെയില്‍ വിരുദ്ധ സമരം നയിച്ച സി.പി.എം മുന്‍ നിലപാടിന്റെ തെളിവുകള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതെ ഒളിച്ചോടുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം വികസനം നടത്തണമെന്നാണ് എല്ലാലത്തും യു.ഡി.എഫ് നിലപാട്.

അതേസമയം, ചട്ടപ്രകാരമുള്ള 3(1), 6(1) നോട്ടിഫിക്കേഷനിലൂടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചതെന്ന ഗെയിലിന്റെ വാദം പൊളിഞ്ഞതോടെ പ്രകോപനം സൃഷ്ടിച്ച് പൊലീസിനെ കൊണ്ട് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്നു കോഴിക്കോട് കലക്‌ട്രേറ്റില്‍ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം പുതിയ ദിശയിലേക്ക് നീങ്ങും. സി.പി.എം പ്രവര്‍ത്തകര്‍ തിങ്ങിത്താമസിക്കുന്ന മേഖലകളിലൂടെയാണ് വരും ദിവസങ്ങളില്‍ പദ്ധതി പ്രവൃത്തി നടക്കാനുള്ളത്.