കോഴിക്കോട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി-മംഗളൂരു പ്രകൃതി വാതക പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി വീഡീയോ പ്രചരിക്കുന്നു. സി.പി.എം നടത്തിയ ഗെയ്ല്‍വിരുദ്ധ സമരത്തിന്റെ പഴയവീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ‘ഗെയ്ല്‍ ഗോബാക്ക്, പിറകോട്ടില്ല…ഗെയ്ല്‍ സമരത്തില്‍ നിന്ന് പിറകോട്ടില്ല’ എന്ന മുദ്രാവാക്യം വിളികളാണ് വീഡിയോയിലുള്ളത്.

പാര്‍ട്ടികൊടികളുമേന്തി നിരവധിപ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരന്നത്. അന്നു ഗെയ്ല്‍ പദ്ധതിയ്‌ക്കെതിരെ സമരം ചെയ്തവര്‍ ഇന്ന് തങ്ങളുടെ വികസനനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതിന്റെ വൈരുധ്യം ചൂണ്ടിക്കാട്ടി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

അതേസമയം, ഗെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടകമുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.