ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കാര്‍ തടഞ്ഞു നിര്‍ത്തി നാലു യുവതികളെ മോഷണസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ അക്രമി സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുന എക്‌സ്പ്രസ്പാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

_f0f5fa4c-4116-11e7-b7e5-3de2b6485255
ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു കുടുംബം. ജുവര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ആയുധധാരികളായ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തതിന് ശേഷം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. കാറിന്റെ ടയറിലേക്ക് അക്രമികള്‍ അള്ള് എറിഞ്ഞ് കേടുവരുത്തിയിരുന്നു. പഞ്ചറായ കാര്‍ കുറച്ച് ദൂരം സഞ്ചരിച്ചതിനു ശേഷമാണ് നിര്‍ത്തിയത്. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ മോഷണസംഘം സ്ത്രീകളെ കാറില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. സ്ത്രീകളെ വൈദ്യപരിശോധനക്കു വിധേയമാക്കി. അതേസമയം രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം സ്ത്രീസംരക്ഷണത്തിനെന്ന പേരില്‍ നിരവധി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ല.