യുഎന്‍: ഗസ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ നടത്തുന്ന ക്രൂരതകളെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി. കഴിഞ്ഞ ആഴ്ചകളായി ഗസ അതിര്‍ത്തിയില്‍ നടന്ന ക്രൂരതകളെ ‘കണ്ണില്ലാത്ത ക്രൂരത’യെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് അധ്യക്ഷന്‍ സയിദ് റാദ് അല്‍ ഹുസൈന്‍ വിശേഷിപ്പിച്ചത്. ഗസയില്‍ ആഴ്ചകളായി നടന്ന കൂട്ടക്കുരുതികളിലും അക്രമങ്ങളിലും അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അദ്ദേഹം യുഎന്നിനോട് നിര്‍ദേശിച്ചു.
ഫലസ്തീനികള്‍ക്ക് നേരെ ഗസയില്‍ നടന്ന ക്രൂരതകള്‍ ചര്‍ച്ച ചെയ്യാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ഇസ്രാഈലിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ആറ് ആഴ്ചയ്ക്കിടെ ഗസ അതിര്‍ത്തിയില്‍ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 100 പേരാണ് കൊല്ലപ്പെട്ടതെന്ന് സയിദ് റാദ് അല്‍ ഹുസൈന്‍ ആരോപിച്ചു. കരുതിക്കൂട്ടിയുള്ള നിയമ ലംഘനത്തിന്റെ ഭാഗമാണ് ഈ കൊലപാതകങ്ങള്‍ ഏറെയും. ഗസയിലെ 1.9 മില്യണ്‍ ജനങ്ങളുടെ അവകാശങ്ങളാണ് പ്രത്യേക ലക്ഷ്യം വച്ചും തന്ത്രപരമായും ഇസ്രാഈല്‍ ഇല്ലാതാക്കിയിരിക്കുന്നത്. ഗസയിലെ ഓരോ മനുഷ്യന്റെയും ജീവന്‍ തുലാസിലാണ്. കഴിഞ്ഞ ആഴ്ചകളില്‍ നടന്നത് കിരാത പ്രവര്‍ത്തികളാണ്. തൊഴിലുകള്‍ ഇല്ലാതെയായി. പകരം എങ്ങും അക്രമവും അരാജകത്വവും മാത്രം. ഇതിനു തെളിവാണ് ഒരു ദിവസത്തെ പ്രതിഷേധത്തില്‍ 60 പേര്‍ കൊല്ലപ്പെട്ട സംഭവമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇസ്രാഈല്‍ സൈന്യത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുമില്ല.
ഭൂമിദിനത്തിന്റെ ഭാഗമായാണ് ഫലസ്തീനികള്‍ ഗസയിലേക്ക് ആറ് ആഴ്ച പ്രതിഷേധം നടത്തിയത്. 1976ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാനുള്ള അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മ പുതുക്കലായാണ് മാര്‍ച്ച് 30ന് ഭൂമിദിനമായി ആചരിക്കുന്നത്. 2014ല്‍ നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നത്.
38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്‍ ഇസ്രാഈല്‍ സൈന്യം പിന്‍വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്‍ പൗരന്മാര്‍ ഒത്തു ചേര്‍ന്നത്.