സിഡ്‌നി: സഹതാരത്തോട് മോശമായി സംസാരിച്ച ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പിഴ. ഷഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്. സഹ താരവും ദേശീയ ടീം അംഗവുമായ മാത്യൂ വേഡിനെതിരെയാണ് മാക്‌സ്‌വെല്ലിന്റെ പരമാര്‍ശം. ബാറ്റിങ് ഓര്‍ഡറുമായി ബന്ധപ്പെട്ടാണ് വിവാദം. വേഡിനെ തന്നെക്കാളും മുന്നെ ഇറക്കിയതാണ് മാക്‌സ്‌വല്ലിനെ ചൊടിപ്പിച്ചത്.

ടീം ഒസ്‌ട്രേലിയയാണ് പിഴ വിധിച്ചത്. എന്നാല്‍ എത്രയെന്ന് വ്യക്തമല്ല. ടീം അംഗങ്ങള്‍ തമ്മില്‍ ബഹുമാനം കളിയുടെ മികവിന് അനിവാര്യമാണെന്നും അല്ലാത്ത സംഭവങ്ങള്‍ മോശമായി ബാധിക്കുമെന്ന് കണ്ടാണ് പിഴ ചുമത്തിയതെന്നും ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് പറഞ്ഞു. മാക്‌സ്‌വല്ലിനെ വിമര്‍ശിച്ചാണ് സ്മിത്ത് സംസാരിച്ചത്.

അതേസമയം മാക്‌സ്‌വല്ലിന്റെ കരിയറിനെ പിഴ ബാധിക്കില്ലെന്നും സ്മിത്ത് പറഞ്ഞു. മോശം ഫോമിനെ തുടര്‍ന്ന് മാക്‌സ്വല്‍ ദേശീയ ഏകദിന ടീമില്‍ നിന്ന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടമായതിന് ശേഷം വന്‍ അഴിച്ചുപണിക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയാണ് ഇനി കംഗാരുക്കള്‍ക്ക് കളിക്കാനുള്ളത്.