മെല്‍ബണ്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് അപൂര്‍വ റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍ എന്നിവരെയാണ് വാര്‍ണര്‍ പിന്തള്ളിയത്.

2016ല്‍ ആറ് സെഞ്ച്വറികളാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 2003,2007 എന്നീ വര്‍ഷങ്ങളില്‍ റിക്കി പോണ്ടിങ് അഞ്ചും 2007ല്‍ മാത്യു ഹെയ്ഡന്‍ അഞ്ചും സെഞ്ച്വറികളാണ് നേടിയത്. എന്നാല്‍ കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടമെന്നത് വാര്‍ണറിന്റെ പ്രത്യേകതയാണ്. പോണ്ടിങ് 31, 30 ഇന്നിങ്‌സുകളില്‍ നിന്നാണെങ്കില്‍ ഹെയ്ഡന്‍ 24 ഇന്നിങ്‌സുകളില്‍ നിന്നുമാണ്.

എന്നാല്‍ വാര്‍ണര്‍ ആറ് സെഞ്ച്വറികള്‍ നേടിയത് 22 ഇന്നിങ്‌സുകളില്‍ നിന്നുമാണ്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 119 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 115 പന്തില്‍ നിന്ന് പതിനാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു വാര്‍ണറിന്റെ ഇന്നിങ്‌സ്. മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു.