മുംബൈ: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ നിന്ന് ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാനായ അജിങ്ക്യ രഹാനെ പുറത്ത്. കര്‍ണാടകയുടെ മനീഷ് പാണ്ഡെയാണ് പകരക്കാരനായി നിയമിച്ചത്. പരിശീലനത്തിനിടെ രഹാനയുടെ വലത് കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. അതേസമയം ബൗളര്‍ മുഹമ്മദ് ഷമിയുടെ കാര്യവും സംശയമാണ്. പകരക്കാരനായി ഷര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും

ഷമിയുടെ കാര്യം നാളെ രാവിലെയോടെയാകും തീരുമാനമാവുക. പരിശീലനത്തിനിടെയാണ് രഹാനെക്ക് പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രഹാനെക്ക് ഫോം കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് പരിക്ക് വില്ലനാകുന്നതും. മനീഷ് പാണ്ഡെ ടെസ്റ്റില്‍ പുതുമുഖമാണ്. 12 ഏകദിനങ്ങളും 6 ടി20 മത്സരങ്ങളിലും പാണ്ഡെ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ പാണ്ഡെ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരക്കിടെ ലോകേഷ് രാഹുല്‍, വൃദ്ദിമാന്‍ സാഹ,

ഹര്‍ദ്ദിക്ക് പാണ്ഡെ, എന്നിവര്‍ പരിക്കേറ്റ് പുറത്തായിരുന്നു. മൊഹാലി ടെസ്റ്റില്‍ തിളങ്ങിയ പാര്‍ത്ഥിവ് പട്ടേല്‍ മുംബൈ ടെസ്റ്റിലും വിക്കറ്റ് കീപ്പറായി തുടരും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. മുംബൈ ടെസ്റ്റിലും വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിലെ ഫോമില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവും.