ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നെയിലെത്തി. ഗവര്‍ണറെ സ്വീകരിക്കാന്‍ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വിമാനത്താവളത്തിലെത്തിയിരുന്നു. ഗവര്‍ണര്‍ എത്തിയതോടെ ഏറെ ദിവസമായി തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്ന് വിരാമമാകും.

പനീര്‍സെല്‍വവുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ശേഷമായിരിക്കും ശശികലയുമായുള്ള ഗവര്‍ണറുടെ കൂടിക്കാഴ്ച്ച. രാത്രി ഏഴരയാണ് ശശികലക്ക് അനുവദിച്ചിരിക്കുന്ന സമയം. തന്നെ പിന്തുണക്കുന്ന എം.എല്‍.എമാരുമായിട്ടായിരിക്കും ശശികല ഗവര്‍ണറെ കാണാന്‍ വരികയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അഞ്ചുമണിക്ക് ശശികലയുമായി കൂടിക്കാഴ്ച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് മാറുകയായിരുന്നു. മുഖ്യമന്ത്രിയായി പനീര്‍സെല്‍വം എത്തുന്നതിനോടാണ് ഗവര്‍ണറുടെ പിന്തുണ. തനിക്കുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്നായിരിക്കും പനീര്‍സെല്‍വം ഉയര്‍ത്തുന്ന ആവശ്യം.

നേരത്തെ നടന്‍ കമല്‍ഹാസനും പനീര്‍സെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാവാന്‍ പനീര്‍സെല്‍വത്തിന് യോഗ്യതയുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ജയലളിതക്കൊപ്പം ഉണ്ടായിരുന്നുവെന്നത് ഒരിക്കലും മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സോഷ്യല്‍മീഡിയയിലടക്കം പനീര്‍സെല്‍വത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. എന്തായാലും ഗര്‍ണറുടെ തീരുമാനത്തിന് അടിസ്ഥാനത്തില്‍ തന്നെയായിരിക്കും തമിഴ്‌നാട്ടില്‍ ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നത്.

അതേസമയം, എം.എല്‍.എമാരെ ഒളിപ്പിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ശശികലയെ പിന്തുണക്കുന്ന എം.എല്‍.എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. യാതൊരു തരത്തിലുള്ള കളം ചാടലിനും സാധ്യതയില്ലാതാക്കുകയെന്നാണ് ശശികലയുടെ തീരുമാനം.