ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി ചെന്നൈയിലെ പോയസ്ഗാര്‍ഡനിലെത്തി. ജയിലിന് അകത്തായാലും പുറത്തായാലും തന്റെ മനസ്സ് പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് അവര്‍ പോയസ് ഗാര്‍ഡനില്‍ അണികളോട് പറഞ്ഞു. ജയിലില്‍ നിന്ന് പാര്‍ട്ടിയെ നയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

deepa-jayakumar-panneerselvam-pti_650x400_61487093894

അതിനിടെ, കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായി ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ കൂടിക്കാഴ്ച നടത്തി. ഇരുവരും രാത്രി വൈകി മറീന ബീച്ചിലെ ജയാസ്മാരകത്തില്‍ സന്ദര്‍ശനം നടത്തി. എഐഎഡിഎംകെയുടെ നല്ല ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനമാണിതെന്നും ദീപ വാര്‍ത്താലേഖകരോട് പറഞ്ഞു. അതേസമയം തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷം ആര്‍ക്കാണെന്നറിയാന്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയും മോദി സര്‍ക്കാറും അവസരം മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല ന്യൂഡല്‍ഹിയില്‍ ആരോപിച്ചു.