ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കീഴടങ്ങലിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി നിരസിച്ചു. ഉടന്‍ കീഴടങ്ങണമെന്ന് ഉത്തരവില്‍ വ്യക്തമായിരുന്നുവെന്നു പറഞ്ഞ കോടതി ഉടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയിലേയെന്നും ചോദിച്ചു. ഇതേത്തുടര്‍ന്ന് ഇന്നു തന്നെ കീഴടങ്ങാന്‍ തയാറാണെന്ന് ശശികലയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ന് ബംഗളൂരുവിലെത്തി വിചാരണകോടതി മുമ്പാകെ കീഴടങ്ങിയേക്കുമെന്നാണ് സൂചന. ഇതിനായി ചെന്നൈയിലെ പോയിസ് ഗാര്‍ഡനില്‍ നിന്ന് റോഡുമാര്‍ഗം ഉടന്‍ ബംഗളൂരുവിലേക്ക് തിരിക്കും.