Connect with us

Culture

കാത്തിരിപ്പിന് വിരാമമില്ല; ശശികലക്ക് തിരിച്ചടിയെന്ന് സൂചന

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ശശികലയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. അഴിമതികേസില്‍ പ്രതി ആയതിനാല്‍ ശശികലയുടെ തെരഞ്ഞെടുപ്പ് യോഗ്യതസംബന്ധിച്ചുപോലും വ്യക്തതയില്ല. ആറു മാസത്തിനകം ശശികല എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെടുമോ എന്ന കാര്യവും ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. അത്തരമൊരാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.
ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് എ.ഐ.എ.ഡി.എം.കെ ഭരണഘടനാ ചട്ടങ്ങള്‍ പ്രകാരമല്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിലവില്‍ ഭരണ ശൂന്യത നിലനില്‍ക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ മറ്റൊരു വാദം. പന്നീര്‍ശെല്‍വം തന്നെയാണ് സംസ്ഥാന മുഖ്യമന്ത്രി. ഈ നില തുടരട്ടെ. നേതൃമാറ്റത്തിന് തിടുക്കം കാണിക്കേണ്ടതില്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഏറ്റവും വലിയ കക്ഷി ഭൂരിപക്ഷ തീരുമാനപ്രകാരം നിര്‍ദേശിച്ച വ്യക്തിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കേണ്ടെന്ന ഗവര്‍ണറുടെ നിലപാട് നിയമ യുദ്ധത്തിന് വഴിയൊരുക്കിയേക്കും.
ശികലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം രംഗത്തെത്തിയതോടെ എ.ഐ.എ. ഡി.എം.കെയില്‍ രൂപപ്പെട്ട ചേരിതിരിവ് മൂന്നാം ദിനവും രൂക്ഷമായി തുടരുകയാണ്. നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലയും ബുധനാഴ്ച ഗവര്‍ണറുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ ക്ഷണിക്കണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം എ.ഐ.എ.ഡി. എം.കെ എം.എല്‍.എമാരെ ഒളിവില്‍ പാര്‍പ്പിച്ച നടപടി ചോദ്യം ചെയ്ത് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ചെന്നൈ ഹൈക്കോടതിയും രംഗത്തെത്തി. ഗുരൂതരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന്‍, ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജ്ജ് എന്നിവരെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചത്. ക്രമസമാധാനനില സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞ ഗവര്‍ണര്‍, ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് നടന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം എം.എല്‍.എമാരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച രണ്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ചെന്നൈ ഹൈക്കോടതിയുടെ ഇടപെടല്‍. കുന്നം നിയോജക മണ്ഡലത്തില്‍നിന്നുള്ള എം. എല്‍.എ രാമചന്ദ്രനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ എം.ആര്‍ ഇളവരശനും കൃഷ്ണരായപുരം എം. എല്‍.എ എം ഗീതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അകന്ന ബന്ധുവുമാണ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. ഫോണിലോ മറ്റുനിലക്കോ എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നിയമവിരുദ്ധമായി തടവില്‍വച്ചതില്‍ പ്രതിഷേധിച്ച് 20 എം.എല്‍.എമാര്‍ രണ്ടു ദിവസമായി പട്ടിണി സമരത്തിലാണെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ കെ ബാബു വാദിച്ചു. എം.എല്‍. എമാരെ നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ടി.സി.എസ് സെല്‍വം, ടി മതിവാനന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതേസമയം എം.എല്‍.എമാരുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ ഹര്‍ജി ആയതിനാല്‍ കോടതിക്ക് നേരിട്ട് നടപടി എടുക്കാനാവില്ലെന്നും വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാറിന് നോട്ടീസ് അക്കാനേ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാറിനോട് വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഇതിനിടെ എം.എല്‍.എമാരെ നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് മുന്‍ മന്ത്രി എസ്.പി ഷണ്‍മുഖനാഥന്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കി. ശശികലയുടെ നിര്‍ദേശപ്രകാരം എടപ്പള്ളി പളനി സ്വാമിയാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പുതിയ പ്രസീഡിയം ചെയര്‍മാനായി ശശികല തെരഞ്ഞെടുത്ത സെങ്കോട്ടയ്യന്‍ ഇന്നലെ കരുവണ്ണൂര്‍ ഗോള്‍ഡന്‍ ബേ ബീച്ച് റിസോര്‍ട്ടിലെത്തി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. എടപ്പാടി പളനിസ്വാമി, വിജയഭാസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ് സെങ്കോട്ടയ്യന്‍ റിസോര്‍ട്ടിലെത്തിയത്. ശശികലക്കൊപ്പം ഉറച്ചുനില്‍ക്കണമെന്ന് എം.എല്‍.എമാരോട് സെങ്കോട്ടയ്യന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
അതേസമയം ശശികലയേയോ പന്നീര്‍ശെല്‍വത്തെയോ പിന്തുണക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് മുതിര്‍ന്ന നേതാക്കളായ വീരപ്പമൊയ്‌ലി, പി ചിദംബരം എന്നിവരും ചെന്നൈയില്‍ പറഞ്ഞു. എ.ഐ.എ.ഡി. എം.കെയിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അതില്‍ ഇടപെടേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ഇരുവരും വ്യക്തമാക്കി.

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Trending