ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പുതിയ സംഘടന പ്രഖ്യാപിച്ചു. ‘എം.ജി.ആര്‍ അമ്മ പേരവൈ’ എന്നാണ് സംഘടനയുടെ പേര്. ഉപതെരഞ്ഞെടുപ്പില്‍ അമ്മയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മല്‍സരിക്കുമെന്നും ദീപ വ്യക്തമാക്കി. ജയയുടെ 69ാം പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം.ജി.ആറിന്റെയും ജയലളിതയുടെയും ചിത്രമടങ്ങുന്ന പാര്‍ട്ടി പതാകയും അവര്‍ പുറത്തിറക്കി. അണ്ണാ ഡി.എം.കെയുടെ പൈതൃകം തിരിച്ചുപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ദീപ പറഞ്ഞു. ‘ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണ്. അണ്ണാ ഡി.എം.കെയെ ഗൂഢാലോചന സംഘത്തിന്റെ കയ്യില്‍ നിന്നു മോചിപ്പിക്കും. തമിഴ്‌നാട്ടില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടു. അമ്മയുടെ സ്വപ്‌ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പോരാട്ടം തുടരും’- ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളായ ദീപ കൂട്ടിച്ചേര്‍ത്തു. ശശികലയെ രൂക്ഷമായി വിമര്‍ശിച്ച അവര്‍ 33 വര്‍ഷം അമ്മയെ സേവിച്ചത് പാര്‍ട്ടി ജന.സെക്രട്ടറിയും മുഖ്യമന്ത്രിയും ആകാനുള്ള യോഗ്യതയല്ലെന്നും പറഞ്ഞു. പ്രവര്‍ത്തകരുടെ പിന്തുണയോടെ അണ്ണാ ഡി.എം.കെ പിടിച്ചെടുക്കുകയാണ് ദീപയുടെ ലക്ഷ്യമെന്നാണ് സൂചന. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും ദീപ പിറകോട്ടുപോയത് ഇതുമൂലമാണെന്നാണ് വിലയിരുത്തല്‍. തന്റെ കീഴില്‍ പാര്‍ട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുവരാനാണ് ദീപയുടെ ശ്രമം. ശശികലയെ പാര്‍ട്ടി സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ ആദ്യം പ്രതിഷേധമുയര്‍ന്നത് ആര്‍.കെ നഗര്‍ മണ്ഡലത്തിലായിരുന്നു. അമ്മയുടെ പിന്‍ഗാമി ദീപയാണെന്നും ആര്‍കെ നഗറില്‍ മല്‍സരിക്കണമെന്നും ഒരു വിഭാഗം അണികള്‍ ദീപയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ രാഷ്ട്രീയ പ്രഖ്യാപനവുമായി ദീപ രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ദീപ വ്യക്തമാക്കിയതോടെ ആര്‍.കെ നഗര്‍ പിടിക്കുകയെന്നത് ശശികല ക്യാമ്പിന് വലിയ പ്രതിസന്ധിയാകും.