ഗാസിയാബാദ്: ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തിരിഞ്ഞുകുത്തുന്നു. മോദിയെ ദത്തെടുക്കുന്നതിന് സന്നദ്ധത അറിയിച്ച് ഉത്തര്‍പ്രദേശിലെ വൃദ്ധദമ്പതികള്‍ അപേക്ഷ നല്‍കി. പാട്‌ലാനഗറിലെ മോദിനഗര്‍ സ്വദേശികളായ യോഗേന്ദര്‍പാല്‍ സിങ് എന്ന യോഗിയും ഭാര്യ അതാര്‍ കാളിയുമാണ് മോദിയെ മകനാക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് ഗാസിയാബാദ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയത്. ഫെബ്രുവരി 21നാണ് ഇരുവരും അപേക്ഷ നല്‍കിയത്. എന്നാല്‍ അധികൃതര്‍ വൃദ്ധദമ്പതികളുടെ അപേക്ഷ നിരസിച്ചു. നടപടി ഏറെ വേദനിപ്പിച്ചതായി ദമ്പതികള്‍ പറഞ്ഞു.

1

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈ മാസം 17ന് ഹര്‍ദോയില്‍ നടന്ന റാലിക്കിടെയാണ് മോദിയുടെ പരാമര്‍ശം. താന്‍ ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണെന്നും തന്നെ സ്വീകരിക്കണമെന്നുമായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ മോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ബാലാവകാശ കമ്മീഷന്‍ രംഗത്തുവന്നു. യു.പിയിലെ ദത്തുപുത്രനാണെന്ന് തെളിയിക്കുന്നതിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ മോദിക്ക് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം രേഖകള്‍ ഹാജരാക്കണം. അല്ലാത്തപക്ഷം മാപ്പു പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണം. ഇതായിരുന്നു കമ്മീഷന്റെ ആവശ്യം. ഇതിനു പിന്നാലെയാണ് ദത്തെടുക്കലിന് സന്നദ്ധത അറിയിച്ച് ദമ്പതികള്‍ രംഗത്തുവന്നത്.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങിന്റെ അടുത്ത അനുയായിയായിരുന്നു യോഗേന്ദര്‍പാല്‍ സിങ് എന്ന യോഗി. യോഗേന്ദറിനും ഭാര്യക്കും മൂന്ന് ആണ്‍മക്കളും ഒരു പെണ്‍ക്കുട്ടിയുമാണുള്ളത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ യുപി പ്രസിഡന്റ് രാജ വര്‍മ്മയാണ് മകളുടെ ഭര്‍ത്താവ്. ദത്തെടുക്കലിന് രാഷ്ട്രീയ അജണ്ടകളൊന്നുമില്ലെന്ന് യോഗേന്ദര്‍പാല്‍ സിങ് പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ലോക്ദളിന്റെ പ്രസിഡന്റായിരിക്കെ 19 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് യോഗി. തുടര്‍ന്ന് ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായ അദ്ദേഹം 1980ല്‍ മുറാദാബാദില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടു. 2002ല്‍ പാട്‌ല മുന്‍സിപ്പല്‍ ചെയര്‍മാനായിരിക്കെയാണ് രാഷ്ട്രീയ ജീവിതത്തിന് യോഗി വിരാമമിട്ടത്.