കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്‍. ഹാദിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന് ശരിവെക്കുന്ന രീതിയിലുള്ളതാണ് പുറത്തുവന്ന പരാമര്‍ശങ്ങള്‍. വീടിനുള്ളില്‍ ഒരു മുറിയില്‍ പുറത്തിറങ്ങാതെയാണ് ഹാദിയ കഴിയുന്നത്. മൊബൈല്‍ ഫോണും നെറ്റും പത്രവുമൊന്നും ഹാദിയക്ക് ഉപയോഗിക്കാന്‍ നല്‍കാറില്ല. ടി.വി കാണാനും അനുവാദമില്ലാത്ത ഹാദിയ നോമ്പുനോറ്റും പകല്‍ ഉറങ്ങിയുമാണ് ജീവിതം തള്ളിനീക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴുവന്‍ സമയവും പോലീസ് അകമ്പടിയിലാണ് ഹാദിയയുടെ ജീവിതം. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. രാത്രി നേരങ്ങളില്‍ മിക്കപ്പോഴും ഖുര്‍ആന്‍ വായനയിലായിരിക്കും. ‘എന്തിനാണീ കോലാഹലമെല്ലാം’ എന്ന് ഇടയ്ക്കിടെ അച്ഛനോട് ചോദിക്കുന്നത് കേള്‍ക്കാമെന്നും ഹാദിയ അമ്മയോട് സംസാരിക്കാറേയില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പോലീസുകാര്‍ അവരോടൊപ്പമുണ്ടാവും. സ്വന്തം ഇഷ്ടപ്രകാരമാണ് മതം സ്വീകരിച്ചതെന്ന് ഹാദിയ പറയാറുണ്ട്. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു. കുളിമുറിയില്‍ തന്നെയാണ് വസ്ത്രം അലക്കുന്നതെന്നും പുറത്ത് കൊണ്ടുപോയി ഉണക്കാനിടാന്‍ അനുവാദമില്ലാത്തതിനാല്‍ അമ്മയെ അറിയിക്കുകയുമാണ് ചെയ്യാറുള്ളത്. അമ്മയോട് സംസാരിക്കാത്ത ഹാദിയ വസ്ത്രങ്ങള്‍ കഴുകിക്കഴിഞ്ഞ് മുറിയിലുള്ള മേശമേല്‍ കൊട്ടിയാണ് അമ്മയെ അറിയിക്കാറുള്ളതെന്നും അവര്‍ പറയുന്നു. ഹാദിയ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതിനാല്‍ തന്നെ മാനസികമായും ശാരീരികമായും വളരെയധികം ക്ഷീണിതയാണ്. അവര്‍ക്ക് സ്വന്തം വീട് തടവറയാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. സ്ഥലത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും മൊബൈല്‍ ഫോണ്‍ അകത്തേക്ക് കൊണ്ടുപോവാന്‍ അനുവാദമില്ല. വീടിനകത്തേക്ക് കയറുന്നതിന് മുമ്പ് പുറത്ത് കാവലുള്ള പുരുഷ പോലീസുകാരെ ഫോണ്‍ ഏല്‍പ്പിക്കണം. ശാരീരിക പീഡനം അനുഭവിക്കുന്നില്ലെന്ന് മാത്രമേയുള്ളൂ. മാനസികമായി അത്രത്തോളം അവര്‍ പീഢിപ്പിക്കപ്പെടുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഹാദിയയുടെ വീടിന്് ചുറ്റും പോലീസ് ഭീകരത സൃഷ്ടിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് പരിഭവമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ഭരണകൂട ഭീതരതയാണെന്നും ഹാദിയയുടെ അയല്‍വാസിയും സാമൂഹ്യപ്രവര്‍ത്തകനുമായ അമൃതനാഥ് പറയുന്നു. മൂന്ന് ടെന്റുകളില്‍ വീടിനുള്ളില്‍ പോലീസുകാര്‍ തമ്പടിച്ചുനില്‍ക്കുകയാണ്. വീടിനു ചുറ്റുമുള്ള വഴികളില്‍ പോലീസുകാര്‍ മഫ്ടിയിലും നിരീക്ഷണത്തിലാണ്. കൂടാതെ ഹാദിയയുടെ വീടിന് മുന്നില്‍ വലിയ സര്‍ച്ച് ലൈറ്റുകള്‍ വച്ചിട്ടുണ്ട്. രാത്രിയില്‍ ഈ സര്‍ച്ച് ലൈറ്റുകള്‍ സദാ തെളിഞ്ഞിരിക്കും. പരിസരവാസികള്‍ക്ക് പോലും റോഡിലൂടെ നടക്കണമെങ്കില്‍ പോലീസിന്റെ അനുവാദവും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കേണ്ടി വരുന്നതും പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ സാഹചര്യമാണ് നിലനിര്‍ത്തുന്നത്.

ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി മാതാപിതാക്കളുടെ സംരക്ഷണയില്‍ ഹാദിയയെ വീട്ടിലേക്ക് വിടുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഷെഫിന്‍ ജഹാന്റെ പരാതിയില്‍ ഹാദിയയെ ഇന്ന് കോടതി കേള്‍ക്കും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് ഹാദിയയെ ഹാജരാക്കുന്നത്. അതിനിടെ, കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായാണ് അശോകനെത്തുന്നത്. ഹാദിയക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ വാദിക്കുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഇന്നലെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി എന്തുതീരുമാനിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.