ന്യൂഡല്‍ഹി: കൂടെ പഠിച്ചവര്‍ മകള്‍ ഹാദിയയെ ചതിച്ചുവെന്ന് മാതാവ് പൊന്നമ്മ. ഹാദിയയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മോശമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

കൂടെ പഠിച്ചവരാണ് മകളെ ചതിച്ചത്. ഈ ചതി ഒരിക്കലും പ്രതീക്ഷിച്ചില്ല. കോഴിക്കോട് കൊണ്ടുപോയി കൂട്ടുകാരികള്‍ മകളെ മതംമാറ്റുകയായിരുന്നു. ഞങ്ങളുടെ സമുദായത്തില്‍ ആര്‍ക്കും മുസ്ലിംങ്ങളുമായി ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. അവള്‍ പഠിക്കുന്നത് മകളുടെ ഭാവി നന്നാവാന്‍ വേണ്ടിയാണ്. മകളെ തീവ്രവാദിയെക്കൊണ്ട് കെട്ടിച്ചതാണ് ദു:ഖം. വേദന കടിച്ചമര്‍ത്തി ജീവിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ രാത്രിയില്‍ ഉറക്കമില്ല. ഓരോരോ അസുഖങ്ങള്‍ പിടിപെടുകയാണ്. അവളുടെ അച്ഛന്‍ അശോകന്‍ എന്തുമാത്രം വേദനയാണ് കടിച്ചമര്‍ത്തുന്നത് എന്ന് ആര്‍ക്കുമറിയില്ലെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനയായി മാതാവ് പറഞ്ഞു. ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹാദിയ ഇപ്പോഴെന്നും മകളുടെ മാനസികാവസ്ഥ ഇപ്പോള്‍ ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പിതാവ് അശോകന്‍ പറഞ്ഞു. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്. വിധിയെ അംഗീകരിക്കുകയാണ്. മോശമായ രീതിയിലുള്ള ഒന്നും സുപ്രീംകോടതിയില്‍ നിന്നുണ്ടാകില്ലെന്ന് ഉറപ്പാണെന്ന് അശോകന്‍ പറഞ്ഞു. ഈയൊരവസ്ഥയില്‍ ഹാദിയയുടെ പഠനം നിന്നിരിക്കുകയായിരുന്നു. എന്നാല്‍ കോടതിവിധിയോടെ പഠിക്കാനുള്ള അവസരം തിരിച്ചുകിട്ടിയിരിക്കുകയാണ്. അതില്‍ സന്തോഷമുണ്ട്. പഠനം മുടങ്ങിയ കാര്യങ്ങളില്‍ ദു:ഖത്തിലായിരുന്നു താന്‍. കോടതിവിധി തന്റെ വിജയമാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

കോടതി ഇടപെടലോടെ ശക്തമായ ഇരുമ്പുകവചമാണ് ഹാദിയക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഷെഫിന്‍ ജഹാന് ഹാദിയയെ കാണാനാകില്ല. ഭര്‍ത്താവാണെന്നത് കോടതി അംഗീകരിച്ചിട്ടില്ല. ഹാദിയയെ കാണേണ്ടവര്‍ക്കാണ് കാണാനുള്ള അനുമതിയുള്ളത്. അല്ലാതെ വഴിയിലൂടെ പോകുന്നവര്‍ക്കൊന്നും ഹാദിയയെ കാണാനുള്ള അനുമതിയില്ല. വീട്ടുതടങ്കലിലായിരുന്നില്ല ഹാദിയ. അവളോട് പലപ്പോഴും പുറത്തിറങ്ങി നടക്കാനും പോകാനുമൊക്കെ പറയുമായിരുന്നു. എന്നാല്‍ അവള്‍ അനുസരിക്കാതെയിരിക്കുകയായിരുന്നുവെന്നും അശോകന്‍ പറഞ്ഞു. ഹാദിയയെ സേലത്തെ ഹോസ്റ്റലില്‍ പോയി കാണുമെന്നും അശോകന്‍ വ്യക്തമാക്കി.

അതേസമയം, ഹാദിയ സേലത്തേയ്ക്ക് പുറപ്പെട്ടു. കേരളഹൗസില്‍ നിന്ന് അല്‍പ്പസമയം മുമ്പാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 1.20ന് വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിച്ച് സേലത്തേയ്ക്ക് കൊണ്ടുപോകും. സുപ്രീംകോടതിയുടെ ഉത്തരവിന്റെ സാഹചര്യത്തില്‍ ഹാദിയയെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഹാദിയ സുരക്ഷാ സംഘത്തിനൊപ്പം കോയമ്പത്തൂരിലേയ്ക്ക് പോകും. ഹോസ്റ്റലിലും ഹാദിയയുടെ സുരക്ഷ ശക്തമാക്കും. ഹാദിയയുടെ മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. തീവണ്ടിമാര്‍ഗ്ഗമാണ് അവര്‍ കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്.