കൊല്‍ക്കത്ത: വെയിലും ശൂന്യമായ ഗ്യാലറിയും കേരളത്തിന്റെ കുട്ടികള്‍ കാര്യമാക്കിയില്ല. അഞ്ച് വട്ടം അവര്‍ ചണ്ഡിഗറിന്റെ വല കുലുക്കി. ഒരു തവണ സ്വന്തം വല കുലുങ്ങുന്നതും കണ്ടു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ സാള്‍ട്ട്‌ലെക്കില്‍ ആരംഭിച്ചപ്പോള്‍ കിരീടത്തിലേക്കുളള യാത്രക്ക് സതീവന്‍ ബാലന്റെ കുട്ടികള്‍ നല്ല തുടക്കമിട്ടു. ശക്തരുടെ ഗ്രൂപ്പില്‍ കളിക്കുന്നതിനാല്‍ ആദ്യ മല്‍സരത്തിലെ ഫലം കേരളത്തിന് നിര്‍ണായകമായിരുന്നു. നല്ല തുടക്കമാണ് മോഹിച്ചതെന്നും അത് ലഭിച്ചത് വഴി ആത്മവിശ്വാസം വര്‍ധിച്ചതായും സതീവന്‍ ബാലന്‍ പറഞ്ഞതില്‍ നിന്നും വ്യക്തമാണ് ടീമിന്റെ ആത്മവിശ്വാസം.
എം.എസ് ജിതിനാണ് കേരളത്തിന്റെ ഇന്നലത്തെ താരം. രണ്ട് വട്ടം വല ചലിപ്പിച്ചു ഈ മധ്യനിരക്കാരന്‍. രണ്ട് വട്ടം വല ചലിപ്പിക്കാന്‍ സഹായിച്ചു. ചണ്ഡിഗറിന് വലിയ ഫുട്‌ബോള്‍ വിലാസമില്ലെങ്കിലും ഇത്തവണ ഐ ലീഗ് കിരീടം സ്വന്തമാക്കിയത് പഞ്ചാബില്‍ നിന്നുള്ള മിനര്‍വ പഞ്ചാബായതിനാല്‍ നല്ല യുവതാരങ്ങളുടെ സാന്നിദ്ദ്യം ചണ്ഡിഗര്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷേ പതിനൊന്നാം മിനുട്ടില്‍ കേരളത്തിന്റെ മുന്നേറ്റം ഗോളായി മാറിയതോടെ ആതിഥേയര്‍ തളര്‍ന്നു. പത്തൊമ്പതാം മിനുട്ടില്‍ സജിത് പൗലോസ് രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ രണ്ട് ഗോള്‍ ലീഡ് സ്വന്തമാക്കിയ സന്ദര്‍ശകര്‍ രണ്ടാം പകുതിയില്‍ നിലപാട് വിളിച്ചോതി അഫ്ദാല്‍ മൂന്നാം ഗോള്‍ നേടി. അമ്പത്തിയൊന്നാം മിനുട്ടില്‍ ജിതിന്റെ രണ്ടാമത് ഗോളുമെത്തിയപ്പോള്‍ ലീഡ് 4-0 മായി. ഇതോടെ പന്ത് ചണ്ഡിഗറിന്റെ ഹാഫില്‍ തന്നെയായി. കേരളത്തിന്റെ ഗോള്‍ക്കീപ്പര്‍ക്കും പിന്‍നിരക്കാര്‍ക്കും കാര്യമായ ജോലി ഇല്ലാതെയുമായി. സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്നുമെത്തിയ വി.എസ് ശ്രീക്കുട്ടന്‍ കേരളത്തിന്റെ നാലാമത് ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ലോംഗ് വിസിലിന് തൊട്ട് മുമ്പ് ചണ്ഡിഗര്‍ ഒരു ഗോള്‍ മടക്കി. വിശാല്‍ ശര്‍മ്മയായിരുന്നു സ്‌ക്കോറര്‍.
4-4-2 ഫോര്‍മാറ്റിലായിരുന്നു രണ്ട് ടീമുകളും കളിക്കാനിറങ്ങിയത്. പക്ഷേ വേഗതയില്‍ കേരളം പ്രതിയോഗികളെ പിറകിലാക്കിയപ്പോള്‍ പതിനൊന്നാം മിനുട്ടില്‍ സീസന്റെ ഉഗ്രന്‍ പാസ്. വലത് വിംഗിലൂടെ കുതിച്ചുകയറിയ ജിതിന്‍ ഫസ്റ്റ് ടൈം ഷോട്ടിലുടെ ഗോള്‍ക്കീപ്പറെ നിസ്സഹയനാക്കി. ജിതിന്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു പൗലോസിന്റെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജിതിന്റെ പാസിലായിരുന്നു അഫ്ദാലിന്റെ ഗോള്‍. മല്‍സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടില്‍ കോച്ച് സതീവന്‍ ബാലന്‍ നടത്തിയ ഡബിള്‍ സബ്‌സ്റ്റിറ്റിയൂഷന്‍ കേരളത്തിന്റെ കുതിപ്പ് കൂടുതല്‍ സജീവമാക്കി. ജിതിന് പകരം ശ്രീക്കുട്ടനും അഫ്ദാലിന് പകരം പി.സി അനുരാഗുമിറങ്ങി. ചണ്ഡിഗര്‍ കോച്ച് സന്ദീപ് സിംഗും രണ്ട് മാറ്റങ്ങള്‍ വരുത്തി. അത് പക്ഷേ ഫലം ചെയ്തില്ല.
മണിപ്പൂര്‍, ആതിഥേയരായ ബംഗാള്‍ തുടങ്ങിയവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ആറ് ടീമുകള്‍ കളിക്കുന്ന ക്വാര്‍ട്ടര്‍ ലീഗ് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിന് യോഗ്യത നേടുക. 23ന് മണിപ്പൂരുമായാണ് കേരളത്തിന്റെ അടുത്ത മല്‍സരം.