അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിരുന്നു. മറുപടിയായി കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തക്ക് ആദ്യ ഓവറില്‍ തന്നെ ഒരു റണ്‍ പോലുമെടുക്കാനായില്ല. മുംബൈക്കു വേണ്ടി ബോളെറിഞ്ഞ ട്രെന്റ് ബോള്‍ട്ടാണ് ആദ്യ ഓവര്‍ മെയ്ഡനാക്കിയത്. അതുകൂടാതെ ജസ്പ്രീത് ബുംറയും മികച്ച ബൗളിങ് പ്രകടനം നടത്തി.

ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും(23 പന്തില്‍ 30), നിതീഷ് റാണയും(18 പന്തില്ഡ 24) ചേര്‍ന്ന്‌ന സ്‌കോര്‍ മുന്നോട്ടു നീക്കിയെങ്കിലും റണ്‍നിരക്ക് കുറവായിരുന്നു. കാര്‍ത്തിക്കിനെ ചാഹറും റാണയെ പൊള്ളാര്‍ഡും മടക്കിയതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ട് ആന്ദ്രെ റസല്‍ ക്രീസിലെത്തി. ആദ്യ പന്തു മുതല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും റസലിന് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ട് ബൗണ്ടറി മാത്രം നേടിയ റസലിനെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. 20 പന്തില്‍ 16 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനും നിരാശപ്പെടുത്തി.

തോല്‍വി ഉറപ്പായശേഷം ജസ്പ്രീത് ബുമ്രയുടെ ഒരോവറില്‍ നാല് സിക്‌സ് അടക്കം 27 റണ്‍സടിച്ച പാറ്റ് കമിന്‍സ് കൊല്‍ക്കത്തയുടെ തോല്‍വിഭാരം കുറച്ചു.