ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ജയം. 37 റണ്‍സ് വിജയമാണ് കൊല്‍ക്കത്ത കരസ്ഥമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ആറു വിക്കറ്റു നഷ്ടത്തില്‍ 175 റണ്‍സ് എടുത്തിരുന്നു. തുടര്‍ന്ന് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റു ചെയ്ത രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയിച്ച ശേഷമാണ് രാജസ്ഥാന്റെ പരാജയം.

34 പന്തില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ഗില്ലും 23 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത ഒയിന്‍ മോര്‍ഗനുമാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്. രാജസ്ഥാന്‍ നിരയില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ടോം കറന്‍ മാത്രമാണ് പൊരുതിയത്. 36 പന്തില്‍ 54 റണ്‍സുമായി താരം പുറത്താകാതെ നിന്നു. രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നു പേര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ 9 പന്തില്‍ 8 റണ്‍സെടുത്തു പുറത്തായി.

കൊല്‍ക്കത്തയ്ക്കായി ശിവം മാവി, കംലേഷ് നാഗര്‍ക്കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.