എറണാകുളം: ഗതാഗതമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുന്ന എന്‍.സി.പിയുടെ എംഎല്‍എയും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രന് ഫോണ്‍ വിളിക്കേസില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചതാണ് മുന്‍ മന്ത്രിക്ക് തിരിച്ചടിയായിരിക്കുന്നത്. ഗതാഗതമന്ത്രി സ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ തിരിച്ചു വരവ് ഇതോടെ വൈകുമെന്നുറപ്പായി.

തിരുവനന്തപുരം സിജെഎം കോടതിയിലെ കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്നും തുടരേണ്ടതില്ലെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കോടതി നടപടികള്‍ നിര്‍ത്തിവെക്കണന്നായിരുന്നു നേരത്തെ മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തക കൂടിയായ പരാതിക്കാരിയുടെ ആവശ്യം.

അതേസമയം ഹര്‍ജി പിന്‍വലിച്ചതിനെ സംബന്ധിച്ച് അറിയില്ലെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രി സ്ഥാനവും ഹരജി പിന്‍വലിക്കലും തമ്മില്‍ ബന്ധമില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.