കുമളി: ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ വഴിതടഞ്ഞതിനാല്‍ വീട്ടമ്മ മരിച്ചു. അമരാവതി ആലുങ്കല്‍ നളിനി(62)യാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കാളാഴ്ചയായിരുന്നു സംഭവം.

റഷ്യന്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സികോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് പിന്നാലെ തങ്ങളുടെ ടീമിന്റെ വിജയാഘോഷം പങ്കുവെക്കാന്‍ കുമളി രണ്ടാം മൈലില്‍ ബ്രസീല്‍ ആരാധകര്‍ റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ഈ സമയത്താണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നളിനിയെ ഇതുവഴി വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. റേഡില്‍ നിന്ന് ആവേശം മുഴക്കിയവരോട് ആശുപത്രിയിലേക്കാണെന്നും കടത്തി വിടണമെന്നും ആവശ്യപ്പെട്ടിട്ടും വണ്ടി കടത്തി വിടാന്‍ ആരാധകര്‍ തയ്യാറായില്ല. ഒടുവില്‍ പത്ത് മിനിറ്റിന് ശേഷം വാഹനം കടത്തി വിട്ടു.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നളിനി മരിച്ചിരുന്നു. അഞ്ച് മിനിറ്റ് മുന്‍പെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ ബന്ധുകളോട് പറഞ്ഞത്. ബ്രസീല്‍ ആരാധകരുടെ ആഘോഷത്തില്‍ കുടുങ്ങിയതിനാല്‍ ചികിത്സ വൈകിയാണ് വീട്ടമ്മ മരിച്ചതെന്നാണ് ബന്ധുകളുടെ പരാതി.