ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ഐലീഗില്‍ കഴിഞ്ഞതവണ നിര്‍ത്തിയിടത്ത്‌നിന്ന് വീണ്ടും തുടങ്ങാന്‍ ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും രണ്ടാംപാദത്തില്‍ വമ്പന്‍ ടീമുകളെയടക്കം മുട്ടുകുത്തിച്ച് ലീഗില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പ്രഥമസീസണില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച വിദേശ താരങ്ങളെ നിലനിര്‍ത്തിയും പരിചയസമ്പന്നരായ ഇന്ത്യന്‍ താരങ്ങളെ കൂടാരത്തിലെത്തിച്ചും ഇത്തവണ ഗോകുലം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. ഐലീഗിന്റെ 12മത് സീസണില്‍ കരുത്തരായ മോഹന്‍ബഗാനുമായി ഈമാസം 28ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.
രണ്ടാഴ്ച മുന്‍പ് സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റിയാഗോ വലേറയെ പുറത്തായിക്കിയ ടീം മാനേജ്‌മെന്റ് പഴയപരിശീലന്‍ ബിനോ ജോര്‍ജ്ജില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്ടുകാരന്‍ ഷിബിന്‍ രാജാണ് പുതിയസീസണില്‍ ഗോകുലത്തിന്റെ ഗോള്‍വലകാക്കുക. കഴിഞ്ഞ രണ്ട്‌സീസണില്‍ മോഹന്‍ബഗാനുവേണ്ടി തിളങ്ങിയ ഷിബിന്റെ വരവ് ടീമിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുന്നു. ഷിബിനെ കൂടാതെ ഡല്‍ഹി ഡയനാമോസിന്റെ ബംഗാള്‍ ഗോള്‍കീപ്പര്‍ അര്‍ണബ് ദാസ് ശര്‍മ്മയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ ഗോകുലത്തിനായി തിളങ്ങിയ സീനിയര്‍ വിദേശ താരങ്ങളായ ഡാനിയല്‍ അഡോ, മുഡ്ഡെ മൂസെ എന്നിവര്‍ക്ക് പുറമെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജര്‍മ്മന്റെ സാന്നിധ്യം കേരളത്തില്‍ നിന്നുള്ള ഏക ഐലീഗ് ടീമിന് കരുത്താകും.
മലയാളി താരങ്ങളായ മുഹമ്മദ് റാഷിദ്, അര്‍ജ്ജുന്‍ ജയരാജ്, ഉസ്മാന്‍ ആഷിക് എന്നിവരെ നിലനിര്‍ത്തിയ ഗോകുലം മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ഈസ്റ്റ് ബംഗാളില്‍ നിന്ന് വി.പി സുഹൈറിനേയും റെയില്‍വെയുടെ കഴിഞ്ഞവര്‍ഷത്തെ ടോപ് സ്‌കോറര്‍ എസ്.രാജേഷിനെയും ഒപ്പംകൂട്ടിയിട്ടുണ്ട്. നിലവില്‍ 14മലയാളിതാരങ്ങളാണ് ഗോകുലം ക്യാമ്പിലുള്ളത്. അതേസമയം, കഴിഞ്ഞ സീസണില്‍ ടീമിന്റെ മികച്ച പ്രകടനത്തിന് വഴിയൊരുക്കിയ യുഗാണ്ട താരം ഹെന്‍ട്രി കിസാക്കെ ബംഗാളിലേക്ക് കൂടുമാറിയത് ഗോകുലത്തിന് തിരിച്ചടിയാണ്. താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ നായകന്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഷാദ് മിനവര്‍വ്വ പഞ്ചാബ് ടീമുമായി കരാറിലെത്തുകയും ചെയ്തു.
പരിശീലന സ്ഥാനമേറ്റ് കുറഞ്ഞദിവസത്തിനകം ടീമിനെയൊരുക്കേണ്ടിവരുന്നത് ശ്രമകരമായ ദൗത്യമാണെന്ന് കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു. പഴയകോച്ചിന് കീഴില്‍ കളിച്ച ടീമിന്റെ ശൈലി മാറ്റിയെടുക്കാന്‍ സമയമെടുക്കും. മുന്‍ സീസണിലെ രണ്ടാം പാദത്തില്‍ മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ചാമ്പ്യനായ മിനര്‍വ്വ പഞ്ചാബ് എന്നിവരെ തോല്‍പിച്ച ടീം അതേ ആവേശത്തോടെയാണ് പുതിയസീസണിന് ഒരുങ്ങുന്നത്. തുടക്കംമുതല്‍ മുന്നേറി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിലനില്‍ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ബിനോ ജോര്‍ജ്ജ് പറഞ്ഞു.