ന്യൂയോര്‍ക്ക്: പശ്ചിമേഷ്യന്‍ വിഷയത്തില്‍ സംഘര്‍ഷം ഇല്ലാതാക്കാനുള്ള നീതിപൂര്‍വകവും സ്വീകാര്യവുമായ ധാരയായി ദ്വിരാഷ്ട്രമാണ് പരിഹാരമെന്ന് ഇന്ത്യ. യുഎന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ് തിരുമൂര്‍ത്തിയാണ് നിലപാട് വ്യക്തമാക്കിയത്. ഇത് ഇന്ത്യ നേരത്തെ വ്യക്തമാക്കിയതാണ്. ഇസ്രയേലുമായി സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുക. ഇരുവിഭാഗങ്ങളിലും നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പരസ്പര സമ്മതമുള്ള അതിര്‍ത്തികള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ഉടമ്പടി ഗാസയിലെ സ്ഥിതിഗതികള്‍ ലഘൂകരിച്ചു. ഉടമ്പടി ശാശ്വത വെടിനിര്‍ത്തലായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇത് ഇരുവശത്തും വിലപ്പെട്ട മനുഷ്യ ജീവിതങ്ങള്‍ സംരക്ഷിക്കാനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും ഫലസ്തീന്‍ ദേശീയ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താനുള്ള ഫലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടികളായ ഫത്തയും ഹമാസും തമ്മിലുള്ള കരാറിനെ ഇന്ത്യ അഭിനന്ദിച്ചു.