News
പലസ്തീന്‍ ഐക്യദാര്‍ഢ്യം; യൂറോപ്പില്‍ ഇസ്രാഈലിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങള്‍
20 ലക്ഷം പേര്‍ അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായത്.
ഇസ്രാഈല്‍ നരഹത്യ തുടരുന്നതിനിടെ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി യുകെ, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ രാജ്യങ്ങളില്‍ പതിനായിരങ്ങളുടെ കൂറ്റന്‍ റാലികള്‍. സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്‌സലോണയിലും മാഡ്രിഡിലുമായി ശനിയാഴ്ച നടന്ന നടന്ന പ്രതിഷേധ റാലികളില്‍ 70,000ലേറെ പേര്‍ പങ്കെടുത്തതെന്നാണ് പൊലീസ് കണക്കെന്ന് ബാഴ്‌സലോണ ടൗണ്‍ ഹാള്‍ അറിയിച്ചു.
ഇസ്രാഈല്‍ ഉപരോധത്തിനിടെ ഗസ്സയിലേക്ക് ബോട്ടുകളില്‍ സഹായവുമായി പോയ ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയുടെ ബോട്ടുകള്‍ ഇസ്രാഈല്‍ തടഞ്ഞിരുന്നു. ഇതില്‍ ഇസ്രാഈല്‍ കസ്റ്റഡിയിലെടുത്ത 450ലേറെ ആക്ടിവിസ്റ്റുകളില്‍ മുന്‍ ബാഴ്‌സലോണ മേയര്‍ ഉള്‍പ്പെടെ 40ലധികം സ്‌പെയിന്‍കാരും ഉള്‍പ്പെടുന്നു.
ഗസ്സ എന്നെ വേദനിപ്പിക്കുന്നു, വംശഹത്യ അവസാനിപ്പിക്കൂ, ഫ്‌ലോട്ടിലയെ മോചിപ്പിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി ബാഴ്‌സലോണയിലെ വിശാലമായ പാസെയ്ഗ് ഡി ഗ്രാസിയയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു. പ്രതിഷേധക്കാര്‍ ഫലസ്തീന്‍ പതാകകളേന്തിയും ഫലസ്തീനിനെ പിന്തുണയ്ക്കുന്ന ടീഷര്‍ട്ടുകള്‍ ധരിച്ചുമാണെത്തിയത്.
സ്‌പെയിനില്‍ സമീപ ആഴ്ചകളില്‍ ഫലസ്തീനികള്‍ക്കുള്ള പിന്തുണയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാരിനെതിരെ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നത്. ഇസ്രാഈലിന്റെ ഉടമസ്ഥതയിലുള്ള സൈക്ലിങ് ടീമിന്റെ പ്രാതിനിധ്യത്തിനെതിരെ കഴിഞ്ഞ മാസം സ്പാനിഷ് വൂള്‍ട്ട സൈക്ലിങ് പരിപാടിക്കെതിരെയും പ്രതിഷേധം നടന്നിരുന്നു. ഗസ്സയ്‌ക്കെതിരായ ആക്രമണത്തെ വംശഹത്യ എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.
ഫ്‌ലോട്ടിലയെ ഇസ്രാഈല്‍ സൈന്യം തടഞ്ഞതിനു പിന്നാലെയാണ് ഇറ്റലി തലസ്ഥാനമായ റോമിലും പോര്‍ച്ചുഗലിലെ ലിസ്ബണിലും പ്രകടനങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ 20 ലക്ഷം പേര്‍ അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായത്. മിലാനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷം ആളുകള്‍ പങ്കെടുത്തെന്ന് സിജിഐഎല്‍ (ഇറ്റാലിയന്‍ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍) വ്യക്തമാക്കി.
ലിയനാര്‍ഡോ ഡാവിഞ്ചി സ്മാരക സ്‌ക്വയറില്‍ ഫലസ്തീന്‍ പതാകയും ‘ഫ്രീ ഫലസ്തീന്‍’ മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ നിറഞ്ഞു. ഗിനോവയില്‍ 40,000 ആളുകളും ബ്രെസ്ചയില്‍ 10,000 പേരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. വെനീസിലെ എ4 ടോള്‍ പ്ലാസ ആയിരക്കണക്കിനാളുകള്‍ ഉപരോധിച്ചു. ‘വംശഹത്യ അവസാനിപ്പിക്കുക, ഞങ്ങള്‍ എല്ലാം സുമൂദ് ഫ്‌ലോട്ടില’ എന്നെഴുതിയ ബാനറുമായി റോമില്‍ ആയിരങ്ങള്‍ മാര്‍ച്ച് നടത്തി. റോമിലെ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധക്കാര്‍ നിറഞ്ഞതോടെ ട്രെയിനുകള്‍ റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ വൈകുകയും ചെയ്തു. നേപ്പിള്‍സ്, ലിവോര്‍ണോ, സലേര്‍ണോ തുറമുഖങ്ങളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
സെന്‍ട്രല്‍ ലണ്ടനില്‍ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ 442 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റോമിലും പ്രതിഷേധം നടക്കാനിരിക്കുകയാണ്. മൂന്ന് ഫലസ്തീന്‍ അനുകൂല സംഘടനകളും പ്രാദേശിക യൂണിയനുകളും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനൊരുങ്ങുന്നത്. പോര്‍ട്ട സാന്‍ പൗലോയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സാന്‍ ജിയോവാനിയില്‍ സമാപിക്കും. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നതായി സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
News
ഡി.എന്‍.എ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ അന്തരിച്ചു
വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.
വാഷിങ്ടണ്‍: ഡി.എന്‍.എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടെത്തിയ പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.
1953ലാണ് വാട്‌സണ്‍ ഡി.എന്‍.എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടെത്തിയത്. ഈ മഹത്തായ ശാസ്ത്രകണ്ടുപിടിത്തത്തിന് 1962ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ഫ്രാന്‍സിസ് ക്രിക്ക്, മൗറിസ് വില്‍ക്കിന്‍സ് എന്നിവരോടൊപ്പം വാട്‌സണിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
ജെയിംസ് വാട്‌സന്റെ ഈ കണ്ടെത്തലാണ് ജെനിറ്റിക് എന്‍ജിനീയറിങ്, ജീന്‍ തെറാപ്പി, ബയോടെക്‌നോളജി തുടങ്ങിയ ശാസ്ത്രശാഖകളില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴി തെളിച്ചത്.
1928ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ജനിച്ച വാട്‌സണ്‍, ചെറുപ്പത്തില്‍ തന്നെ അതുല്യമായ മികവ് തെളിയിച്ചു. ഒന്നാം ക്ലാസോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചിക്കാഗോ സര്‍വകലാശാലയിലും പിന്നീട് ഇന്‍ഡ്യാനാ സര്‍വകലാശാലയിലും വിദ്യാഭ്യാസം തുടര്‍ന്നു. ഡോ. സാല്‍വഡോര്‍ ലൂറിയയുടെ കീഴില്‍ നടത്തിയ ഗവേഷണഫലമായി വെറും 22-ാം വയസ്സില്‍ തന്നെ പി.എച്ച്.ഡി. നേടി.
തുടര്‍ന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ കാവെന്‍ഡിഷ് ലബോറട്ടറിയില്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം ഗവേഷണം ആരംഭിക്കുകയും, അവിടെ നിന്നാണ് ചരിത്രപ്രസിദ്ധമായ ഡി.എന്‍.എ ഘടനയുടെ കണ്ടെത്തല്‍ ഉണ്ടായത്. പിന്നീട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും തുടര്‍ന്ന് കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1968ല്‍ ലബോറട്ടറിയുടെ ഡയറക്ടറായും 1990ല്‍ ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ തലവനുമായും വാട്‌സണ്‍ സേവനമനുഷ്ഠിച്ചു.
അതേസമയം, ജീവിതത്തിന്റെ അവസാനം ഘട്ടങ്ങളില്‍ വാട്‌സണ്‍ നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ജാതിയും ബൗദ്ധികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
News
രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് സൗരാഷ്ട്രയെ നേരിടും; നിര്‍ണായക പോരാട്ടം മംഗലപുരത്ത്
മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം രാവിലെ 9.30 മുതല്‍ ആരംഭിക്കുക
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം രാവിലെ 9.30 മുതല്‍ ആരംഭിക്കുക.
കഴിഞ്ഞ മത്സരത്തില്‍ കര്‍ണാടകയോട് ഇന്നിങ്സ് തോല്‍വി വഴങ്ങിയ കേരളത്തിന് ഇന്ന് നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് കേരളം നേടി വെറും രണ്ട് പോയിന്റ് മാത്രമാണ്. അതേസമയം, സൗരാഷ്ട്ര മൂന്ന് മത്സരവും സമനിലയില്‍ അവസാനിപ്പിച്ച് അഞ്ച് പോയിന്റുമായി മുന്നിലാണ്.
സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി കേരള ടീം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സി കെ നായിഡു ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ നായനാറിനും ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തിക്കും ടീമില്‍ ഇടം ലഭിച്ചു. കെസിഎല്ലില്‍ മികവ് തെളിയിച്ച സിബിന്‍ പി ഗിരീഷും ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത് മുന്‍ ഇന്ത്യന്‍ താരം ജയ്ദേവ് ഉനദ്ഘട്ട് നേതൃത്വം നല്‍കുന്ന ശക്തമായ സംഘമാണ് സൗരാഷ്ട്ര.
കേരള ടീം: മൊഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത്, രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, അഹ്‌മദ് ഇമ്രാന്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തി, വരുണ്‍ നായനാര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ സുരേഷ്, അങ്കിത് ശര്‍മ്മ, ഹരികൃഷ്ണന്‍ എം യു, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, ഏദന്‍ ആപ്പിള്‍ ടോം, സിബിന്‍ പി ഗിരീഷ്.
kerala
വടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍
ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
വടകര: ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ബൊലേനോ കാറില്‍ ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ നിസാര്‍ പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രധാന കണ്ണിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വടകര പൊലീസിന് കൈമാറി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രദേശത്ത് ഇത്രയും വലിയ അളവില്‍ എം.ഡി.എം.എ പിടികൂടുന്നത് ഇതാദ്യമായാണ്. ബംഗളൂരുവില്‍ നിന്നും മൊത്തത്തില്‍ 260 ഗ്രാം എം.ഡി.എം.എ കടത്തിയതായും അതില്‍ 100 ഗ്രാം മലപ്പുറത്ത് വിതരണം ചെയ്യണമെന്ന ഓഡിയോ സന്ദേശം പ്രതിയുടെ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന് കടത്തിന് പിന്നില്‍ മറ്റ് സഹായികളുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.
-
kerala3 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala3 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india3 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്‌റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News3 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News2 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും
-
Film2 days agoരജനികാന്ത് നായകനായി, കമല്‍ ഹാസന് നിര്‍മിക്കുന്ന ചിത്രം; ‘തലൈവര്‍ 173’ പ്രഖ്യാപിച്ചു

