ന്യൂഡല്‍ഹി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ നിന്ന് പുറത്തായി. അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയില്‍ ജല്ലിക്കെട്ടില്ല. 93 ചിത്രങ്ങളാണ് പുറത്തായത്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള അക്കാദമി അംഗങ്ങളാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 2011ന് ശേഷം ഓസ്‌കാര്‍ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കെട്ട്.

2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റണി വര്‍ഗ്ഗീസ് ചെമ്പന്‍ വിനോദ്, സാബുമോന്‍ അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

2019ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 50-ാമത് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ചിത്രം നേടിക്കൊടുത്തിരുന്നു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ലഭിച്ചിരുന്നു.