film

ഫലസ്തീനികളുടെ കഥ പറയുന്ന ‘നോ അതര്‍ ലാന്‍ഡി’ന് ഓസ്‌കാര്‍

By webdesk17

March 03, 2025

ഫലസ്തീനികളുടെ കഥ പറയുന്ന ‘നോ അതര്‍ ലാന്‍ഡി’ന് ഓസ്‌കാര്‍. ഇസ്രാഈല്‍ സൈന്യത്തില്‍നിന്ന് തങ്ങളുടെ വീടുകളും കുടുംബത്തെയും സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ഈ ചിത്രത്തിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരമാണ് ലഭിച്ചത്.

‘നോ അദര്‍ ലാന്‍ഡി’ന്റെ ചിത്രീകരണം 2019നും 2023നും ഇടയിലാണ് നടക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്ത് സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രാഈല്‍ സൈന്യം പൊളിച്ചുമാറ്റുന്ന തന്റെ ജന്മനാടായ ‘മസാഫര്‍ യാത്ത’ക്ക് വേണ്ടി ആക്ടിവിസ്റ്റ് ബാസല്‍ അദ്ര നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഇസ്രാഈലി സൈന്യത്തിന്റെ അറസ്റ്റ് ഭീഷണിയെ മറികടന്നായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ജൂത-ഇസ്രാഈലി പത്രപ്രവര്‍ത്തകനായ യുവാല്‍ എബ്രഹാമുമായി സൗഹൃദത്തിലാകുന്നതോടെ അദ്രയുടെ പോരാട്ടവും മസാഫര്‍ യാത്തക്കാരുടെ ദുരിതവും ലോകമറിയുന്നു.

‘നോ അദര്‍ ലാന്‍ഡ്’ എന്ന ചിത്രത്തിലൂടെ പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിച്ചുവരുന്ന കഠിനമായ യാഥാര്‍ഥ്യത്തെയാണ് വരച്ചുകാണിക്കുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം അദ്ര പറഞ്ഞു.

ഫലസ്തീന്‍ ജനതയോടുള്ള വംശീയ ഉന്മൂലനം തടയാനും അനീതി അവസാനിപ്പിക്കാനും ഗൗരവമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ര ലോകത്തോട് ആഹ്വാനം ചെയ്തു.