ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കടുത്ത ഹൃദയാഘാതം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ജയലളിതയുടെ ആരോഗ്യനില മോശമായത്. ഉടന്‍ തന്നെ ആസ്പത്രി വിടുമെന്ന് കരുതിയിരുന്ന ജയലളിതക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ജനത്തിന് മുന്നിലേക്കാണ് അപ്പോളോ ആസ്പത്രിയില്‍ നിന്നും ഇന്നലെ ഞെട്ടിക്കുന്ന വാര്‍ത്തയെത്തിയത്. വാര്‍ത്തയറിഞ്ഞയുടന്‍ നൂറ് കണക്കിന് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ആസ്പത്രിയിലേക്ക് പ്രവഹിക്കുകയാണ്. പൊലീസും സുരക്ഷ സേനയും അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

അക്രമ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലായിരുന്ന സംസ്ഥാന ഗവര്‍ണര്‍ വിദ്യാ സാഗര്‍ റാവു യാത്ര റദ്ദാക്കി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ അടിയന്തിര യോഗം അപ്പോളോ ആസ്പത്രിയില്‍ ചേര്‍ന്നു. സ്ഥിതിഗതികള്‍ ഗുരുതചരമാണെന്നാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകല്‍.

മാസങ്ങളായി ചികില്‍സയിലാണ് ജയലളിത. തുടക്കത്തില്‍ അവരുടെ ആരോഗ്യനില തീര്‍ത്തും മോശമായിരുന്നുവെങ്കിലും മെച്ചപ്പെട്ട ചികില്‍സയില്‍ ആരോഗ്യം വീണ്ടെുത്ത് വരുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും അവരെ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ടോടെയാണ് കാര്യങ്ങള്‍ പെട്ടെന്ന് മാറിയത്. അമ്മയുടെ തിരിച്ചുവരവിനായി കാത്തിരുന്ന ജനം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയാണ് തിരിച്ചുവരവിനായി കാത്തിരുന്നത്. പക്ഷേ ഇന്നലെ രാത്രിയോടെ സാഹചര്യങ്ങള്‍ ആകെ മാറി.

അപ്പോളോ ആസ്പത്രിക്ക് മുന്നില്‍ നിലവിളിക്കുന്ന പ്രവര്‍ത്തകരെയാണ് രാത്രിയില്‍ കാണാനാവുന്നത്. ഇവരില്‍ പലരും സ്ത്രീകളാണ്. അമ്മക്കായി അലമുറയിടുന്നവരോട് ശാന്തരാവാന്‍ അണ്ണാ ഡി.എം.കെയുടെ പല സീനിയര്‍ നേതാക്കളും അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ശാന്തരാവുന്നില്ല. മോശമായ എന്തെങ്കിലും വാര്‍ത്ത വന്നാല്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പൊലീസ്. ഡല്‍ഹിയില്‍ നിന്നും വിദഗ്ധ സംഘം ചെന്നൈയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അപ്പോളോ ആസ്പത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന വാര്‍ത്ത വന്നാല്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് കേന്ദ്രത്തെയും സംസ്ഥാന സര്‍ക്കാരിനെയും അലട്ടുന്ന പ്രധാന പ്രശ്‌നം.