വിതരണക്കരാറുകാരുടെ പണിമുടക്ക് 22 ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് റേഷന്‍ പൂര്‍ണമായും മുടങ്ങുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളാകും. റേഷന്‍ കടകളിലെ ഇലക്ട്രോ ണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിര്‍ത്തുമെന്നുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇ തുകൂടിയാകുമ്പോള്‍ മലയാളിക്ക് റേഷന്‍ കിട്ടാക്കനിയാകും. വന്‍തുക കുടിശിക വരുത്തിയതാണ് വിതരണക്കരാറുകാരുടെ പണിമുടക്കിന്റെയും ഇ പോസ് കമ്പനിയുടെ പിന്മാറ്റ നീക്കത്തിന്റെയും കാരണം. സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്നെടുത്ത് റേഷന്‍ കടകളില്‍ വിതരണം നടത്തുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (എന്‍ .എഫ്.എസ്.എ) ജനുവരി ഒന്നു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ തുക കുടിശിക പൂര്‍ണമായും സെപ്തംബറിലെ കുടിശിക ഭാഗികമായും നല്‍കാത്തതാണ് കാരണം. നാലു മാസത്തെ കുടിശികയായി 100 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. കരാറുകാരുടെ സമരത്തെത്തുടര്‍ന്നു ചരക്കുനീക്കം നിലച്ചു. സമരത്തെതുടര്‍ന്ന് മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ മാത്രമാണ് അല്‍പമെങ്കിലും കടകളിലുള്ളത്. എഴുപത് ശതമാനം സ്‌റ്റോക്കും തീര്‍ന്ന നിലയിലാണ്.
കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വി തരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഇതുവരെ വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. പ്രശ്‌നപരിഹാരത്തിന് തയാറാകുന്നതിന് പകരം സര്‍ക്കാര്‍ അനാവശ്യ വാശികാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥ തയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിത ത്വത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍.
വിതരണക്കരാറുകാര്‍ സമരം തുടങ്ങി ഇത്ര ദിവസമായിട്ടും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഒന്നാം തിയ്യതി മുതല്‍ സമരം തുടങ്ങിയ വിതരണക്കാരെ ചര്‍ച്ചക്ക് വിളിക്കാതെ 27ന് സമരം തുടങ്ങാനിരിക്കുന്ന റേഷന്‍ കടക്കാരെയാണ് ഭക്ഷ്യ മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. ചര്‍ച്ച തീരുമാനമാവാതെ പിരിയുകയായിരുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്. റേഷന്‍ വിതരണം കൂടുതലായി നടക്കുന്ന, മാസത്തിന്റെ അവസാന ആഴ്ചയിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കും. സി.ഐ.ടി.യു ഉള്‍പ്പെടെ റേഷന്‍ വ്യാപാരികളുടെ ആറ് സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. 14267 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. വ്യാപാരികള്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്തെ 9249563 റേഷന്‍ കാര്‍ഡുടമകള്‍ പട്ടിണിയിലാകും. റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവി ലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്.
ഇ പോസ് സംവിധാനത്തിലെ തകരാര്‍ കാരണം റേഷന്‍ വിതരണം അടിക്കടി മുടങ്ങല്‍ കേരളത്തില്‍ പതിവാണ്. സേവന ഫീസിനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക നല്‍കാനും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാനും സര്‍ക്കാര്‍ തയാറാകാത്തതിനാലാണ് ഹൈദരാബാദ് ആസ്ഥാനമായ ഇ പോസ് പരിപാലന കമ്പനിയുടെ പിന്മാറ്റം. 9 മാസത്തെ കുടി ശികയായി 2.75 കോടി രൂപയാണ് നല്‍കാനുള്ളത്.
ഇ പോസ് പരിപാലനക്കമ്പനികൂടി പിന്മാറിയാല്‍ സ്ഥിതി എന്താകുമെന്ന് കണ്ടറിയേണ്ടിവരും. ഇ പോസ് സംവിധാനം പ്രവര്‍ത്തിക്കുന്നത് ആധാര്‍ കാര്‍ഡിന്റെ ഡേറ്റാ ബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇ പോസിനെയും ആധാറിനെയും ബന്ധിപ്പിക്കുന്ന സെര്‍വര്‍ നാല് വര്‍ഷത്തോളമായി പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ഇ പോസ് സംവിധാനം തകരാറിലായി റേഷന്‍ വിതരണം തുടര്‍ച്ചയായി തട സ്സപ്പെടുന്നതിന് കാരണം സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണെന്ന് വ്യക്തമായിട്ടും അത് ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നില്ല.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ റേഷന്‍ സംവിധാനം വഹിക്കുന്ന പങ്ക് ചെറുതല്ല. റേഷന്‍ കടകളും സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളും സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാണ്. സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളിലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം താറുമാറായിട്ട് കാലങ്ങളായി. ഈ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഭക്ഷ്യപൊതുവിതരണ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങി ക്കൊണ്ടിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അനാവശ്യ വാശി ഉപേക്ഷിച്ച് റേഷന്‍ മുടങ്ങാതെ നോക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന് എന്തു വിട്ടുവിഴ്ച ചെയ്യാനും തയാറാകണം. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷന്‍ വിതരണം സുഗമമായി നടക്കാത്ത സാഹചര്യം ഒരു കാരണവശാലും ഉണ്ടായിക്കൂടാ.