പാലക്കാട്: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന് സമ്മാനിച്ചു. കോവിഡ് സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി. വീടിനോടു ചേര്‍ന്ന് തയാറാക്കിയ പ്രത്യേകവേദിയില്‍ മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരം സമ്മാനിച്ചു. കോവിഡ് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ചടങ്ങ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് പുരസ്‌കാരസമര്‍പ്പണം നടത്തി. നിരുപാധികസ്‌നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതബോധവും പരിസ്ഥിതിബോധവും മാനുഷിക തലവും അദ്ദേഹം എന്നും ഉയര്‍ത്തിപിടിച്ചു. ദര്‍ശനങ്ങള്‍ കൊണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തം-മുഖ്യമന്ത്രി പറഞ്ഞു.

ജ്ഞാനപീഠംപുരസ്‌കാരസമിതി ചെയര്‍പേഴ്‌സന്‍ പ്രതിഭാറായി, സമിതി ഡയറക്ടര്‍ മധുസൂദനന്‍ ആനന്ദ്, എം,ടി,വാസുദേവന്‍ നായര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ ഒ!ാണ്‍ലൈനായി കവിക്ക് ആശംസകള്‍ നേര്‍ന്നു. പുരസ്‌കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകന്‍ വാസുദേവന്‍ മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍, അക്കാദമിസെക്രട്ടറി ഡോ. കെ.പി മോഹനന്‍, കവി പ്രഭാവര്‍മ, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രന്‍, പി.സുരേന്ദ്രന്‍, വി.ടി.വാസുദേവന്‍, പ്രഫ. എം.എം.നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വി.ടി.ബല്‍റാം എംഎല്‍എ, ജ്ഞാനപീഠം പുരസ്‌കാരസമിതി പ്രതിനിധികള്‍, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആര്‍.സദാശിവന്‍നായര്‍, ജില്ലാകലക്ടര്‍ ഡി.ബാലമുരളി പങ്കെടുത്തു.