Connect with us

Culture

കണ്ണുനീരിന്റെ വെളിച്ചം

നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്.

Published

on

 

സജയ്.കെ.വി/ചിത്രീകരണം: സിഗ്നി ദേവരാജ്

നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്. ‘നരനായിങ്ങനെ’, ‘ധർമ്മസമരം’, ‘മുഖത്തോടു മുഖം’ തുടങ്ങിയ കവിതകളിൽ ദരിദ്രനോ സമ്പന്നനോ അല്ലാത്ത, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഈ ദയനീയനെ നമ്മൾ നേർക്കുനേർ കാണുന്നു.
‘ഇത്തിരി നേരമെഞ്ചിനീയറായ്
ഇത്തിരിനേരം പ്യൂണായും
ഇത്തിരിനേരം കണക്കപ്പിള്ളയായ്
ഇത്തിരിനേരം കവിയായും
ഉദിച്ച സൂര്യനെ വലിച്ചിഴച്ചു ഞാ-
നുദധിയിൽത്തള്ളിയുറങ്ങുന്നൂ;
അവനാട്ടേ വീണ്ടും കിഴക്കുദിപ്പൂ; ഞാ-
നതു കണ്ടാൽ പിടഞ്ഞെഴുന്നേൽപ്പൂ’ (നരനായിങ്ങനെ) എന്നതാണയാളുടെ ജീവിതക്രമം.
‘നരനായിങ്ങനെ മരിച്ചുഭൂമിയിൽ/ നരകവാരിധി നടുവിൽ ഞാൻ’ എന്നു കരുതുന്ന ഒരാൾ. ‘മുഖത്തോടുമുഖം’ എന്ന കവിതയിൽ ഇയാളുടെ ആത്മഗതം നമ്മൾ കൂടുതൽ തെളിമയോടെ ഇങ്ങനെ ഉയർന്നു കേൾക്കുന്നു.
‘ആവുമെങ്കിൽ ഭഗവാനെന്റെ
വിയർപ്പംഗീകരിക്കുക:
സത്യസന്ധതയുണ്ടെങ്കിൽ-
ക്കൺതുറന്നിതു കാണുക:
എന്റെ വേർപ്പിൻ സമുദ്രത്താൽ
ചൂഴപ്പെട്ടവനാണു ഞാൻ.
ഞാനിതിൽ താണുപോയാലും
നിലനിൽക്കുമിതക്ഷയം.’ ജീവിത സമുദ്രം എന്നതിന് അക്കിത്തത്തിന്റെ ഭാഷയിൽ വിയർപ്പിന്റെ വറ്റാക്കടൽ എന്നാണർത്ഥം.
‘അബ്ദുള്ള’ എന്ന അക്കിത്തം കവിത ലളിതമാണ്; ഒപ്പം അത്രമേൽ ഹൃദയസ്പർശിയും. ഒരിക്കൽ ഒരു തീവണ്ടി യാത്രയ്ക്കിടെ, യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് കവി പണ്ടത്തെ സഹപാഠിയും അന്നത്തെ സമ്പന്ന വിദ്യാർത്ഥിയുമായിരുന്ന അബ്ദുള്ളയെ. ഇപ്പോളയാൾ ഒരു ‘മുച്ചൂടും പ്രാകൃതനായ രോഗി’. ഒന്നുരണ്ടു കുശലോക്തികൾ പരസ്പരം കൈമാറാനേ ഇടകിട്ടിയുള്ളൂ. അടുത്ത സ്റ്റേഷനിൽ അബ്ദുള്ള ഇറങ്ങി. ‘നിർഭരാശ്രുക്കളായ് കെട്ടിപ്പുണരുന്നു/ നിസ്സഹായാത്മാക്കൾ രണ്ടു പേരും!’ അബ്ദുള്ള പറയാതെ പോയ ജീവിത വേദനയുടെ കടുംകയ്പു മുഴുവൻ കവി തനിച്ചിരുന്ന്, ഭാവനയാൽ, അയവിറക്കി. കവിത അവസാനിക്കുന്നതിങ്ങനെ-
‘പിന്നത്തെ സ്റ്റേഷനിൽ തീവണ്ടി നിൽക്കെ ഞാൻ
കണ്ണു മിഴിച്ചുടൻ വാച്ചു നോക്കി
കണ്ണെവിടെപ്പോയി, വാച്ചെവിടെപ്പോയി?
കണ്ണീരു മാത്രമാണീ പ്രപഞ്ചം!’
ആത്മമിത്രത്തെയോർക്കുമ്പോൾ പ്രപഞ്ചം മുഴുത്ത ഒരു കണ്ണുനീർത്തുള്ളിയായി മാറുന്ന ഈ ഹൃദയാലുത്വമാണ് അക്കിത്തം കവിതയുടെ കാതൽ.
‘നീലിയാട്ടിലെ തണ്ണീർപ്പന്തൽ’ എന്ന കവിതയിലെ ‘വളവിങ്കൽ മൂസ്സ’യേയും ഓർക്കാം, ഇതോടൊപ്പം. നീലിയാട്ടിലെ തണ്ണീർപ്പന്തൽ ഈ കവിതയിൽ ഒരു സ്ഥലവും സ്ഥാവരബിംബവും രൂപകവുമാണ്. അവിടെ ബസ്സു കാത്തിരിക്കുകയാണ് ആയിടെ വിവാഹതനായ കവി. ഒരു നാളേയ്ക്കു പോലും നവവധുവിനെ പിരിഞ്ഞിരിക്കാനാവാത്തതിലുള്ള പൊറുതിമുട്ടലിലാണയാൾ. അപ്പോഴാണ് വൃദ്ധനും പ്രസാദവാനും പരോപകാര തൽപ്പരനുമായ മൂസ്സയുടെ വരവ്.
‘ആറടിയിലും മീതെപ്പൊങ്ങിയ ശരീരത്താ-
ലാജാനുബാഹുക്കളാ, ലാഹ്‌ളാദ സൗലഭ്യത്താൽ,
വാരിയാലൊടുങ്ങാത്ത സേവനൗത്സുക്യത്താലും,
വായിലെപ്പുളിങ്കുരു പോലെഴും പൽപ്പുറ്റാലും,
ജീവിതം സുസമ്പന്നം, സുഭിക്ഷം, സുസന്തൃപ്ത-
മീവയോവൃദ്ധന്നാരും സ്വന്തമാളാണീ മന്നിൽ’.
-മൂസ്സ കൊടുത്ത മുറുക്കാനാസ്വദിച്ച്, നർമ്മസംഭാഷണത്തിലേർപ്പെട്ട് പിരിയാൻ നേരം ‘കുട്ടികളില്ലേ മൂസ്സയ്ക്ക്?’ എന്ന കവിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിക്കുകയാണ് ചെയ്യുന്നത് വൃദ്ധൻ. അയാളുടെ സ്വകാര്യ സങ്കടങ്ങളെക്കുറിച്ച് ഒന്നുമുരിയാടാതെ, ആ ദുഃഖത്തെയും ദുഃഖത്തെ ഇന്ധനമാക്കുന്ന നന്മയുടെ വെളിച്ചത്തെയും ഏതാനും ചില ഈരടികളിൽ, മുഴങ്ങുന്ന പദാവലികളാൽ ആവിഷ്‌കരിച്ച് പിൻവാങ്ങുകയാണ് അക്കിത്തം. അപ്പോഴും നന്മയുടെ തണ്ണീർപ്പന്തലായി മൂസ്സ വായനക്കാരുടെ മനസ്സിൽ തങ്ങുന്നു; ദുഃഖത്തിന്റെ വെളിച്ചമാണ് നന്മ എന്ന അധികാർത്ഥദീപ്തിയോടെ.
മനുഷ്യനിലും മനുഷ്യ നന്മയിലുമുള്ള ഈ അചഞ്ചല വിശ്വാസത്തോടൊപ്പം പരദുഃഖത്തെ ആത്മദുഃഖമാക്കാനും അപരനുവേണ്ടി തപിക്കാനുമുള്ള ശേഷിയാലുമാണ് അക്കിത്തം കവിത, മലയാള കവിതയിലെ ഒറ്റപ്പെട്ട പ്രകാശഗോപുരമായി മാറുന്നത്. പ്രസിദ്ധമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ അത് ബോംബിനായ് ‘ദുർവ്യയം ചെയ്യേണ്ട’ ആണവശക്തിയുപയോഗിച്ച് ‘അന്ധഗ്രാമക്കവല’യിൽ ‘സ്‌നേഹദീപം’ കൊളുത്താനുള്ള ആഹ്വാനമായി മാറുന്നു. അണുഭേദനത്താൽ അപാരമായ ഊർജ്ജവും സംഹാരോർജ്ജവും സൃഷ്ടിക്കാമെന്ന് ശാസ്ത്രം; കേവലമൊരു കണ്ണുനീർത്തുള്ളി പിളർന്നാൽ അതിനെയും നിഷ്പ്രഭമാക്കുന്ന സ്‌നേഹോർജ്ജം കണ്ടെത്താമെന്ന് അക്കിത്തം.

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending