പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സി.പി.എമ്മിന് വേവലാതി എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എ. ജസ്‌ന തിരോധാന കേസ് അന്വേഷിക്കുന്ന ഐ.ജി മനോജ് എംബ്രഹാമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ജസ്‌നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിടുക്കന്‍മാരായ പൊലീസുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്. കള്ളന്‍മാരുടേയും കൊലപാതകികളുടേയും തോളില്‍ കയ്യിട്ടു മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ഏതെങ്കിലും കേസില്‍ പ്രതികളെ പിടിക്കാന്‍ പൊലീസിന് ധൈര്യമുണ്ടാകുമോ എന്നും മുരളീധരന്‍ ചോദിച്ചു. സ്വന്തം കീഴുദ്യോഗസ്ഥരെ പോലും നിലക്ക് നിര്‍ത്താന്‍ കെല്‍പ്പില്ലാത്തയാളാണ് ഡി.ജി.പി. പരാതിയും കൊണ്ട് രണ്ടു കാലില്‍ പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ മൂക്കില്‍ പഞ്ഞിവെച്ചാണ് ഇപ്പോള്‍ ഇറങ്ങി വരുന്നത്.

പൊലീസുകാര്‍ ഇപ്പോള്‍ യജമാനന്‍മാര്‍ക്ക് അടിമപ്പണി ചെയ്യുകയാണ്. എ.ഡി.ജി.പിയുടെ മകള്‍ ഒരു പൊലീസുകാരനെ ഇടിച്ച് ആശുപത്രിയിലാക്കിയിട്ടും ഒരു നടപടിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ ഏതൊരാള്‍ക്കാണ് ഇവിടെ നീതി ലഭിക്കുകയെന്നും മുരളീധരന്‍ ചോദിച്ചു.