പത്തനംത്തിട്ട: വെച്ചൂച്ചിറയില്‍ നിന്ന കാണാതായ ജസ്‌ന മരിയ ജെയിംസിനെക്കുറിച്ച് നിര്‍ണായക വിവരം പൊലീസിന്. മുണ്ടക്കയത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജസ്‌നയെയും സുഹൃത്തിനെയും കാണുന്നതായാണ് പുതിയ വിവരം. മുണ്ടക്കയം ടൗണ്‍ ബസ് സ്റ്റാന്റിനു സമീപത്തെ കടയിലെ ക്യാമറ ദൃശ്യങ്ങളില്‍ ജസ്‌നയെ കാണുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഇടിമന്നലില്‍ ഈ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ പരിശ്രമത്തിലാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്റിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്‌നയാണ് ദൃശ്യങ്ങളിലുള്ളത്. ആറു മിനിറ്റിനു ശേഷം ഇവിടെ ജസ്‌നയുടെ ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളിലെന്നാണ് വിവരം. ദൃശ്യത്തിലുള്ളത് ജസ്‌നയാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചതായാണ് വിവരം. ആണ്‍ സുഹൃത്തിനെയും സഹപാഠികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് എന്നു പറഞ്ഞാണ് ജസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. ജസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടതായി സാക്ഷിമൊഴികളുണ്ടായിരുന്നു. ഇതിനു തെളിവേകി സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. പുതിയ സിസിടിവി ദൃശ്യങ്ങള്‍ ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചേക്കുമെന്നാണ് വിവരം.
രാവിലെ എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴിയനുസരിച്ച് ജസ്‌ന ധരിച്ചിരുന്നത് ചുരിദാറാണെന്നാണ് പറയുന്നത്. എന്നാല്‍ മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജസ്‌ന ജീന്‍സും ടോപ്പുമാണ് ധരിച്ചത്.

ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലുമുണ്ടായിരുന്നു. പഴ്‌സും മറ്റും വെക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ദൃശ്യങ്ങളിലെ സാധുത പരിശോധിച്ചതില്‍ നിന്ന് ജസ്‌ന ഷോപ്പിങ് നടത്തിയതായാണ് സൂചന. അതിനാല്‍ ജസ്‌ന ഷോപ്പിങ് നടത്തിയ കടകളിലും മുണ്ടക്കയത്തും വീണ്ടും പൊലീസ് പരിശോധന നടത്തും. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. എരുമേലിയില്‍ ചുരിദാര്‍ ധരിച്ച് പുറപ്പെട്ട ജസ്‌ന മുണ്ടക്കയത്ത് എത്തിയപ്പോള്‍ വസ്ത്രം മാറ്റിയത് എന്തിനാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങളിലെ ബാക്കിയുള്ളവരെ കൂടി കണ്ടെത്തിയാല്‍ കേസില്‍ തുമ്പുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.