മലപ്പുറം: മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ കണ്ടത് പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന മരിയ ജെയിംസല്ലെന്ന് സ്ഥിരീകരണം.
കോട്ടക്കുന്നിലെ മാനേജറാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. ജസ്‌നയുടെ രൂപസാദൃശ്യമുണ്ടായിരുന്നെങ്കിലും കണ്ടത് ജസ്‌നയല്ലെന്ന് മാനേജര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനും അത് ജസ്‌നയായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരാതി നല്‍കാതിരുന്നതെന്നും കോട്ടക്കുന്ന് മാനേജര്‍ പറഞ്ഞു. നാലു പേര്‍ക്കൊപ്പമാണ് കുട്ടിയെ കണ്ടത്. കരയുന്നത് കണ്ടപ്പോള്‍ പോയി നോക്കി. എന്നാല്‍ ജസ്‌നയല്ലെന്ന് മനസ്സിലായി. മെയ് മൂന്നിനാണ് പെണ്‍കുട്ടിയെ കണ്ടത്. എന്നാല്‍ ജസ്‌നയെ കാണാതായത് മാര്‍ച്ച് 22നാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ജസ്‌നയെ കോട്ടക്കുന്നില്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന വെച്ചൂച്ചിറ പൊലീസ് ഇന്ന് മലപ്പുറത്തെത്തി. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലപ്പുറം പൊലീസുമായി വെച്ചൂച്ചിറ പൊലീസ് പങ്കുവെക്കും.
പാര്‍ക്കിലെ ജീവനക്കാരാണ് ജസ്‌നയെ കണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം മൂന്നിന് ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍ക്കുട്ടി കോട്ടക്കുന്നിലെത്തിയതായാണ് പരാതിയില്‍ പറയുന്നത്. പാര്‍ക്കിനുള്ളില്‍ പെണ്‍കുട്ടി കരയുന്നത് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അത് ജസ്‌നയായിരുന്നില്ലെന്നാണ് മാനേജര്‍ പറയുന്നത്.
അതേസമയം, കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ക്യാമറകളില്‍ രണ്ടാഴ്ച വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നത് പൊലീസിന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് കാമുകനെന്ന് സംശയിക്കുന്ന സുഹൃത്തും പ്രതികരിച്ചു. ജസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പൊലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജസ്‌നയുടെ സുഹൃത്ത് സ്വകാര്യ ചാനലിനോട് പറഞ്ഞു. താന്‍ ജസ്‌നയുടെ കാമുകനല്ല, അവള്‍ക്ക് പ്രണയമുണ്ടോയെന്ന് അറിയില്ല. അവള്‍ മുമ്പും മരിക്കാന്‍ പോവുകയാണെന്ന് രീതിയില്‍ സന്ദേശം അയക്കാറുണ്ടായിരുന്നു. ഇക്കാര്യം താന്‍ ജസ്‌നയുടെ സഹോദരനോട് പറഞ്ഞതാണ്. ജസ്‌നയെ കാണാതായതിനു ശേഷം ഇക്കാര്യം പൊലീസിനോടും പറഞ്ഞിരുന്നു. തുടരെ തുടരെ പൊലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.