മലപ്പുറം: ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മന്ത്രി.

ഉന്നത സമുദായത്തില്‍ ദരിദ്രരായ നിരവധി പേരുണ്ട്. ഏതാനും പേരുടെ കയ്യിലുണ്ടായിരുന്ന ലക്ഷണക്കക്കിന് ഏക്കര്‍ ഭൂമി ആയിരക്കണക്കിനാളുകളുകളുടെ കയ്യിലേക്കു മാറുന്ന സ്ഥിതിയാണ് അന്നുണ്ടായത്. ഭൂപരിഷ്‌കരണം നടപ്പായിട്ടും ഒട്ടേറേപ്പേര്‍ക്ക് ഇപ്പോഴും കയറിക്കിടക്കാന്‍ ഇടമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രണ്ടു ലക്ഷം പേര്‍ക്ക് വീടില്ലെന്നാണ് സര്‍ക്കാര്‍ കണക്കെന്നും അതില്‍ ബ്രാഹ്മണര്‍ ഉള്‍പ്പെടുന്നതായും കടകംപള്ളി വ്യക്തമാക്കി.

അത്തരക്കാര്‍ക്ക് മുന്നാക്ക -പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ മേഖലയിലും സാമ്പത്തിക സംവരണം വേണമെന്നാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. ബ്രാഹ്മണരെന്നോ പുലയരെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതിയിലും കുറച്ചുപേര്‍ സമ്പന്നരാണ്. എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുമുണ്ട്. അക്കാര്യത്തില്‍ ജാതി നോക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.