തിരുവനന്തപുരം: ശബരിമലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുക വഴി രാജ്യദ്രോഹ കുറ്റമാണ് രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിച്ചത്. അക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവാണ് രാഹുലിന്റെ പ്രസ്താവന. വഞ്ചിക്കപ്പെട്ട വിശ്വാസി സമൂഹത്തിന് വേണ്ടി ഗൂഢാലോചന പുറത്ത് കൊണ്ടുവരും. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയില്‍ യുവതി പ്രവേശമുണ്ടായാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ ഉണ്ടായിരുന്നുവെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞത്. കയ്യില്‍ സ്വയം മുറിവേല്‍പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഈശ്വറിന്റേ വെളിപ്പെടുത്തല്‍. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിനു മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.