മുംബൈ: ജമ്മുകാശ്മീരില്‍ ക്രൂരമായി കൊല്ലപ്പെട്ട ആസിഫക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ പ്ലക്കാര്‍ഡുമായുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ബോളിവുഡ് നടി കരീന കപൂറിന് ഹിന്ദുത്വശക്തികളുടെ വിമര്‍ശനം. ഹിന്ദുവായിരിക്കെ മുസ്‌ലിമിനെ വിവാഹം കഴിക്കുകയും കുഞ്ഞിന് തൈമൂറെന്ന് പേരിടുകയും ചെയ്ത നിങ്ങള്‍ ഇന്ത്യക്ക് അപമാനമാണെന്നായിരുന്നു വിമര്‍ശനം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് വിമര്‍ശനം വന്നതോടെ കരീനയെ രക്ഷിക്കാന്‍ ബോളിവുഡ് താരം സ്വരഭാസ്‌കര്‍ രംഗത്തെത്തുകയായിരുന്നു.

ദൈവം നിങ്ങള്‍ക്ക് തന്ന തലച്ചോറില്‍ വെറുപ്പുള്ള കാലത്തോളവും നാവുകൊണ്ട് നിങ്ങള്‍ മാലിന്യം പറയുകയും ചെയ്യുന്ന കാലത്തോളവും നിങ്ങളെക്കുറിച്ച് അപമാനമാണ് തോന്നുന്നതെന്ന് സ്വരഭാസ്‌കര്‍ പറഞ്ഞു. രാജ്യത്തിനും രാജ്യത്തെ ഹിന്ദുക്കള്‍ക്കും നിങ്ങള്‍ അപമാനമാണെന്നും താരം പറഞ്ഞു.

കരീനക്കും സ്വരഭാസ്‌കറിനും പുറമെ ഒട്ടേറെ ബോളിവുഡ് താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സോനം കപൂര്‍, ഹുമ ഖുറൈശി, കല്‍കി തുടങ്ങി നിരവധിപേര്‍ പ്രതിഷേധിച്ചിരുന്നു. നേരത്തേയും കരീനക്കും സൈഫ് അലിഖാനുമെതിരെ വിമര്‍ശനങ്ങളേറ്റിരുന്നു. കുഞ്ഞിന് തൈമൂര്‍ അലിഖാനെന്ന് പേരിട്ടതോടെയായിരുന്നു സംഘ്പരിവാറിന്റെ സൈബറാക്രമണം ഉണ്ടായത്.