ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പത്താം മത്സരം. കരുത്തരായ ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. സീസണില്‍ അതീവ മോശം പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത്. ഒമ്പത് മത്സരങ്ങള്‍ കളിച്ചതില്‍ ഒരേ ഒരു ജയമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം.

ആകെ ആറു പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ 11ആം സ്ഥാനത്തുള്ള ഒഡീഷയോട് നാലിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. 9 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം സഹിതം 13 പോയിന്റുള്ള ജംഷഡ്പൂര്‍ പട്ടികയില്‍ അഞ്ചാമതാണ്.

ഇതുവരെ 17 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. ലീഗിലെ ഏറ്റവും മോശം റെക്കോര്‍ഡ്. ഗോള്‍ കീപ്പര്‍ ആല്‍ബീനോ ഗോമസ് ചില മികച്ച സേവുകള്‍ നടത്തുന്നതിനൊപ്പം ചില സ്‌കൂള്‍ ബോയ് എറര്‍ കൂടി വരുത്തുന്നുണ്ടെന്നത് തലവേദനയാണ്.