വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇനി കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും മലപ്പുറത്തേക്ക്. പാണക്കാട് നിന്നും ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുസ്്‌ലിംലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അമരത്ത് ശ്രദ്ധേയനായ കെ.എന്‍.എ ഖാദറിനെ തന്നെ ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരിലും യു.ഡി.എഫിലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ മുഴങ്ങി. വലിയ വരവേല്‍പ്പാണ് കെ.എന്‍.എ ഖാദറിന് ഇന്നലെ വേങ്ങര മണ്ഡലം നല്‍കിയത്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് ആശീര്‍വാദം വാങ്ങാനും സ്ഥാനാര്‍ത്ഥി മറന്നില്ല.

മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുമായും പൊതുജനങ്ങളുമായും നടത്തിയ സമ്പര്‍ക്കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ പ്രഖ്യാപിച്ചത്. നേതൃത്വവും പ്രവര്‍ത്തകരും പൂര്‍ണ്ണമായി അംഗീകരിച്ച പേര് തന്നെ തങ്ങള്‍ പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകരിലും ആവേശം വാനോളമുയര്‍ന്നു. ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍. അതിനായി പ്രവര്‍ത്തകരും നേതൃത്വം ഒരുമെയ്യോടെ ജനങ്ങളിലേക്ക്. നേരത്തെ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള നാളുകളില്‍ യു.ഡി.എഫിന്റെ ലക്ഷ്യം. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

പ്രഥമ ഘട്ടം ഇന്നലെ പാണക്കാട്ടു നിന്നു തന്നെ തുടങ്ങി. വേങ്ങരയുടെ വികസന നായകന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി തന്നെ നേരിട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കാനുണ്ടാവും. ഇത് പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം പകരും. 38057 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് നാല്‍പതിനായിരം കടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ കാര്യത്തിലെ ആസൂത്രണ പിഴവും നയമില്ലായ്മയും വരുത്തിയ ദോഷങ്ങള്‍ക്ക് മറുപടിയാവും ഇത്തവണ തെരഞ്ഞെുടപ്പ്. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പില്‍ നിഴലിക്കും. ഇത് യു.ഡി.എഫിന് കൂടുതല്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ന്യൂനപക്ഷ- ദലിത് വേട്ട, പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി ഓഴിവാക്കിയ സംഭവം, ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന കൊലപാതക രാഷ്ട്രീയം, അഭ്യന്തര വകുപ്പിന്റെ ആര്‍.എസ്.എസ് ബന്ധം, ബി.ജെ.പി നടത്തിയ മെഡിക്കല്‍ കോഴ, അവശ്യ സാധനങ്ങളുടെ വില വര്‍ധന, റേഷന്‍ കാര്‍ഡിലെ അനാസ്ഥ, ലൈഫ് ഭവന പദ്ധതിയിലെ വീഴ്ച, എന്നിവയെല്ലാം വേങ്ങരയിലെ രാഷ്ട്രീയത്തിന് ചൂടുപകരും. 20ന് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കുന്നുണ്ട്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് പ്രമുഖരെത്തുമെന്നാണ് സൂചന.