തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്‍ കെ.എന്‍.എ ഖാദര്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസിലാക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരത്തില്‍ സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയം കണ്ണുതുറപ്പിക്കണം. മതേതര ശക്തികളുടെ ഐക്യം ആവശ്യമായ സാഹചര്യമാണിതെന്നും കെ.എന്‍.എ ഖാദര്‍ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസവും വര്‍ഗീയതയും മാത്രമല്ല, സാമ്പത്തിക രംഗത്ത് തീവ്രവലതുപക്ഷ വ്യതിയാനമാണ് കേന്ദ്രസര്‍ക്കാറിന്റേത്. കറന്‍സിരഹിത ഡിജിറ്റല്‍ ഇടപാടുകളിലൂടെ കുത്തകകള്‍ തടിച്ചുകൊഴുക്കുകയാണ്. 17 ലക്ഷം കോടിയുടെ കറന്‍സിയാണ് ഇന്ത്യന്‍ വിപണിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. ദിവസം ഒരു ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇടപാട് നടക്കുമ്പോള്‍ പതിനായിരം കോടി രൂപ കുത്തകകളുടെ കൈയിലേക്ക് പോവുകയാണ്. ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റല്‍ ഇടപാടുകളും ഉപേക്ഷിച്ച് കറന്‍സി കൈമാറ്റം നടന്നാലേ ഇവര്‍ പഠിക്കൂ. സാമ്പത്തിക രംഗത്തെ തീവ്രവലതുപക്ഷ വ്യതിയാനത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. അടിസ്ഥാന സൗകര്യവികസനത്തിന് ഭാവനാ സമ്പന്നമായ പരിപാടികള്‍ ആവിഷ്‌കരിക്കണം. എന്നാല്‍ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് അതിന്റെതായ പ്രാധാന്യം കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. ബജറ്റില്‍ പണം നീക്കിവെക്കുന്നതിന് പകരമായി പുറത്ത് കിഫ്ബിയിലൂടെ നിര്‍മാണ പ്രവൃത്തികള്‍ നടപ്പാക്കുകയാണ്. എന്നാല്‍ കിഫ്ബി വഴിയുള്ള പദ്ധതി നടക്കുമോ എന്നത് സംശയമാണ്. പൊതുമരാമത്ത് പ്രവൃത്തികള്‍ക്കുള്ള പണം ബജറ്റില്‍ തന്നെ നീക്കിവെക്കുന്നതാണ് ശരിയായ രീതി. നൂതന സാങ്കേതിക വിദ്യകള്‍ നിര്‍മാണ പ്രവൃത്തികളില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം. റോഡ് നവീകരിച്ച് ടാറിംഗ് പൂര്‍ത്തിയായാലുടന്‍ അത് വെട്ടിപ്പൊളിക്കുന്ന സ്ഥിതിയുണ്ട്. ആദ്യമേ റോഡിന്റെ അരികുകളില്‍ കേബിളുകളും പൈപ്പുകളും ഇടുന്നതിന് ഡക്റ്റുകള്‍ നിര്‍മിച്ചാല്‍ ഇതൊഴിവാക്കാം.

വേങ്ങര മണ്ഡലത്തില്‍ മൂന്നു പഞ്ചായത്തുകളില്‍ പൊട്ടിപ്പൊളിയാത്ത ഒരു റോഡുപോലുമില്ല. എഞ്ചിനീയര്‍മാരെ വിദേശരാജ്യങ്ങളിലോ ഇതരസംസ്ഥാനങ്ങളിലോ അയച്ച് നൂതന സാങ്കേതിക വിദ്യാകളില്‍ പരിശീലനം നല്‍കണം. മുന്‍പ് മരാമത്ത് വകുപ്പില്‍ റോഡുകളുടെ അറ്റകുറ്റപ്പണിക്കും ഓടകളും മറ്റും വൃത്തിയാക്കുന്നതിനും എം.എം.ആര്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് നിര്‍ത്തി. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ കുടുംബശ്രീ അടക്കമുള്ളവരെ ഏല്‍പിക്കണം. ബേപ്പൂര്‍ ഉള്‍പെടെയുള്ള സംസ്ഥാനത്തെ പരമ്പരാഗത തുറമുഖങ്ങള്‍ക്ക് വലിയ ചരിത്രവും പാരമ്പര്യവുമുണ്ട്. അറബികളും വിദേശികളും ഉള്‍പ്പെടെ കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നു. ആ സുവര്‍ണകാലം കേരളത്തിന് നഷ്ടപ്പെട്ടു. അതു തിരികെ കൊണ്ടുവരുന്നതിന് നടപടികള്‍ വേണം. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലശേഷം ഒരു കല്ലുപോലും ഇട്ടിട്ടില്ലെന്നും കെ.എന്‍.എ ഖാദര്‍ ചൂണ്ടിക്കാട്ടി.