വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിംലീഗിലെ അഡ്വ:കെ.എന്‍.എ ഖാദര്‍ നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്‍ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ ഉരുക്കുകോട്ടതന്നെയെന്ന് തെളിയിച്ച് അഡ്വ കെഎന്‍എ ഖാദര്‍ കേരളനിയമസഭയുടെ പടികയറുന്നത്. 65227 വോട്ടുകളാണ് ഖാദര്‍ നേടിയത്. 41917വോട്ടുകള്‍കൊണ്ട് ഇടതുമുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 5728 വോട്ടുകള്‍ മാത്രമാണ് ബി.ജെപിക്ക്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തു കൂടിയാണ് വേങ്ങരയിലെ ഫലം. ന്യൂനപക്ഷങ്ങളോടുള്ള ഇടത് സര്‍ക്കാര്‍ സമീപനത്തിനും ബി.ജെപിയോടുള്ള പ്രീണനത്തിനും ആഘാതമാണ് ഫലം. ഇത് മറച്ചുപിടിക്കാന്‍ വേങ്ങരയില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ലഭിച്ചില്ലെന്നു പറഞ്ഞു കൈകഴുകാനാണ് ഇടതുമുന്നണിയും ബി.ജെപിയും ശ്രമിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന തരത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ കാല്‍ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഉജ്വലമാണെന്ന് രാഷട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒന്നരവര്‍ഷത്തെ ഭരണം വിലയിരുത്തലാകില്ലെന്ന് പറഞ്ഞാണ് ഇടതുമുന്നണി വേങ്ങരയില്‍ ജനവിധി തേടിയത്. ഭരണ സ്വാധീനം ഉപയോഗിച്ചിട്ടും കനത്ത വോട്ടുകള്‍ക്കാണ് ഇടതുമുന്നണി വീണ്ടും പരാജയം രുചിച്ചത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി സര്‍ക്കാറിനെതിരെയുള്ള രണ്ടാമത് ഷോക്ക് ട്രീറ്റ്‌മെന്റാണ് വേങ്ങര നല്‍കിയത്. ബി.ജെപിക്കും നല്‍കിയ പ്രഹരം ചെറുതല്ല. ബി.ജെ.പിക്ക് ദേശീയ തലത്തില്‍ വേങ്ങര കൂടുതല്‍ അപമാനകരമായ ചര്‍ച്ചയാവുകയാണ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വേങ്ങര കനത്ത തിരിച്ചടിയായിരുന്നു.

ബി.ജെപിയും ഇടതുമുന്നണിയും തമ്മിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം യു.ഡി.എഫ് തെരഞ്ഞടുപ്പിനു മുമ്പേ പറഞ്ഞതായിരുന്നു. വേങ്ങരയില്‍ വോട്ടുകളെണ്ണിയപ്പോള്‍ ഇത് ശരിക്കും പ്രകടമായിയെന്നു മാത്രം. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് 7055 വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത് 5728 വോട്ടുകളായി കുറയുമ്പോള്‍ ബി.ജെപിയുടെ വോട്ടുകള്‍ പോളിംങ് ശതമാനം വര്‍ധിച്ചിട്ടും എങ്ങോട്ട് മാറിയെന്ന അന്വേഷണം ചെന്നെത്തുന്നത് യു.ഡി.എഫ് ഉയര്‍ത്തിയ ബി.ജെ.പി -ഇടത് ബന്ധത്തിലേക്കാണ്. താനൂരിലും മറ്റും കഴിഞ്ഞ നിയമസഭാതെരഞ്ഞടുപ്പില്‍ ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ ബന്ധത്തിന്റെ ആവര്‍ത്തനമാണ് വേങ്ങരയിലും അരങ്ങേറിയത്. ഇടതുമുന്നണിക്ക് വോട്ടുകള്‍ മറിച്ചു നല്‍കിയ ബി.ജെ.പി വേങ്ങരയിലും കൃത്യം നിര്‍വഹിച്ചുവെന്നു മാത്രം. ഇടതുപക്ഷ സര്‍ക്കാറും ബി.ജെ.പിയും തമ്മിലുള്ള അമിതബന്ധങ്ങളിലെ ഉദാഹരണമായി വേങ്ങര ഫലം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച ജമാഅത്തെ ഇസ്‌ലാമിയും പി.ഡി.പിയും ഇക്കുറി ഇവിടെ മത്സരിച്ചിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിക്ക് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ 1864 വോട്ടുകളും പി.ഡി.പിക്ക് 1472 വോട്ടുകളും ഇവിടെ ലഭിച്ചിരുന്നു. ഇരുപാര്‍ട്ടികളും വേങ്ങരയില്‍ മന;സാക്ഷിവോട്ടുചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ എങ്ങോട്ട് ചെരിഞ്ഞുവെന്നത് എല്ലാവര്‍ക്കും മനസ്സിലായതാണ്.

ലോക്‌സഭയില്‍ പി.ഡി.പി പരസ്യമായി ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതായിരുന്നു.ഇത് ഏറെ വിവാദമാവുകയും എന്നാല്‍ ഇടതുമുന്നണി ആവശ്യപ്പെട്ടത് പ്രകാരമാണ് പി.ഡി.പി വോട്ടുകള്‍ ഇടതുമുന്നണിക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്നും പി.ഡി.പി വ്യക്തമാക്കിയിരുന്നു. വേങ്ങരയില്‍ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാതെ പി.ഡി.പിപഴയ നിലപാട് വേങ്ങരയില്‍ ആവര്‍ത്തിക്കുകയായിരുന്നു. പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുന്നുവെന്ന് കണ്ട് രഹസ്യമായി മതിയെന്ന് ഇടതുമുന്നണിയുടെ നേതാക്കള്‍ പി.ഡി.പിയെ അറിയിക്കുകയായിരുന്നു. വെല്‍ഫെയര്‍പാര്‍ട്ടിയും സ്വീകരിച്ച മന:സാക്ഷി തന്ത്രം ഇടതുമുന്നണിക്ക് വേണ്ടിയായിരുന്നുവെന്ന് പോങിംങ് ബൂത്തുകളിലെ വിവരങ്ങള്‍ സൂചിപ്പിച്ചിരുന്നു. യു.ഡി.എഫിനെതിരെ മറ്റു കക്ഷികളുടെയെല്ലാം വോട്ടുകള്‍ രഹസ്യമായും പരസ്യമായും വാങ്ങിയ ഇടതുമുന്നണിയോട് രാഷട്രീയമായ പോരാട്ടം നടത്തിയാണ് കാല്‍ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ കൈവരിച്ചത്.

ഇടതുമുന്നണിയോട് യു.ഡി.എഫ് സംശുദ്ധമായി പോരാടിയപ്പോള്‍ ആവനാഴിയിലെ സര്‍വ അസ്ത്രങ്ങളും എടുത്തു പ്രയോഗിച്ചാണ് ഇടതുമുന്നണി വേങ്ങരയില്‍ പ്രചാരണം നടത്തിയത്. അധികാരത്തിന്റെ എല്ലാ സീമകളും വേങ്ങരയില്‍ അവര്‍ ലംഘിച്ചു. മന്ത്രിമാരും എംഎല്‍എമാരും ഭരണത്തണലില്‍ വേങ്ങരയില്‍ വിലസി. വാഗ്ദാനങ്ങള്‍ നല്‍കി. വീടുകള്‍ തോറും മന്ത്രിമാര്‍ കയറിയിറങ്ങി വിസിറ്റിംഗങ് കാര്‍ഡും നല്‍കിയാണ് മടങ്ങിയത്. വ്യാപകമായി പണമിറക്കി. കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ചു.ഇതുകൊണ്ടൊന്നും യുഡിഎഫിനെ തളര്‍ത്താന്‍ കഴിയില്ലെന്നു കണ്ടാണ് വോട്ടെടുപ്പ് സമയം നോക്കി സോളാറില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി അന്വേഷണ ബോംബെറിഞ്ഞത്. അതും ഒട്ടും ഏശിയില്ലെന്ന് ഫലം തെളിയിച്ചു. വേങ്ങരയില്‍ ഇക്കുറി എന്തായാലും ഇടതുമുന്നണി വിജയിക്കുമെന്നായിരുന്നു അവസാന മണിക്കൂര്‍ വരെ ഇടതുമുന്നണി നേതാക്കള്‍ പ്രചരിപ്പിച്ചത്. വോട്ടുകളെണ്ണിയപ്പോള്‍ അവരുടെ വാദങ്ങള്‍ പൊളിഞ്ഞു.

വര്‍ഗീയ വികാരം ഇളക്കിവിട്ടു എസ്.ഡി.പി.ഐ നേടിയ വോട്ടുകള്‍ക്കും വേങ്ങരയില്‍ സ്ഥിരതയില്ലെന്ന് വോട്ട് ചരിത്രത്തില്‍ കാണാം. 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എസ്.ഡി.പിഐയുടെ അബ്ദുല്‍മജിദ് ഫൈസി 4683 വോട്ടുകള്‍ നേടിയപ്പോള്‍ 2016ല്‍ അത് 3049 വോട്ടുകളായി ചുരുങ്ങിയിരുന്നു. 1634 വോട്ടുകളാണ് എസ.്ഡി.പി.ഐക്ക് ഒറ്റയടിക്ക് കുറഞ്ഞത്. 2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 9058 വോട്ടുകള്‍ വേങ്ങരയില്‍ എസ്.ഡി.പിഐയുടെ നസ്‌റുദ്ദീന്‍ എളമരം നേടിയിരുന്നു. അന്ന് ലോക്‌സഭയിലേക്ക് എസ്.ഡി.പി.ഐ കൂടുതല്‍ വോട്ടുകള്‍ നേടിയതും വേങ്ങരനിയോജകമണഡലത്തിലായിരുന്നു. പിന്നാലെ വന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ കുത്തനെ താഴ്ന്നു. 6004 വോട്ടുകളാണ് ഒറ്റയടിക്ക് എസ്.ഡി.പി.ഐക്ക് കുറഞ്ഞത്. 2014-ല്‍ ലഭിച്ച വോട്ടുകള്‍ എസ്.ഡി.പി.എക്ക് വേങ്ങരയില്‍ ലഭിച്ചില്ലെന്ന് വ്യക്തം. അതുകൊണ്ടു തന്നെ വേങ്ങരയില്‍ എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കാണാനാകില്ലെന്നുറപ്പ്.
വേങ്ങരയില്‍ മുസ്‌ലിംലീഗ് വിമതന്‍ രംഗത്തിറങ്ങിയെന്ന് പറഞ്ഞ് ചാനലുകളും ഇടതുപക്ഷവും വലിയ പ്രചാരണം നടത്തിയ കെ.ഹംസക്ക് ലഭിച്ച വോട്ടുകള്‍ നോട്ടയേക്കാളും പിറകിലായെന്നത് ഹംസയെ ഉയര്‍ത്തിക്കാട്ടിയവര്‍ക്ക് ഏല്‍പ്പിച്ച തിരിച്ചടി ചെറുതല്ല. ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കുമെന്ന് പറഞ്ഞവര്‍ക്ക് കിട്ടിയത് 442 വോട്ടുകള്‍ മാത്രം.

തങ്ങള്‍ വലിയമുന്നേറ്റമുണ്ടാക്കിയെന്ന് പറയുന്ന ഇടതുമുന്നണിക്ക് അവരുടെ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബൂത്തില്‍ പോലും ഇടതിനു വോട്ടുകള്‍ കൂടുതല്‍ ലഭിച്ചില്ല. 146 വോട്ടുകളാണ് ഏ.ആര്‍നഗറിലെ അഡ്വ:പി.പി ബഷീറിന്റെ 22-ബൂത്തില്‍ അഡ്വ കെഎന്‍എ ഖാദറിന്റെ ലീഡ്. 534 വോട്ടുകള്‍ അഡ്വ: കെ.എന്‍.എ ഖാദര്‍ നേടിയപ്പോള്‍ 388 വോട്ടുകളാണ് ഇടതുമുന്നണിയുടെ ബഷീറിനു ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 409 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി,കെ കുഞ്ഞാലിക്കുട്ടിക്ക് ഇതേ ബൂത്തില്‍ ലഭിച്ചത്. ഇക്കുറിയും കാടിളക്കിവെടിവെച്ചിട്ടും ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് സ്വന്തം ബൂത്തില്‍ ലീഡ് ചെയ്യനായില്ല. എല്ലാ പഞ്ചായത്തുകളിലും തുടക്കം മുതലേ യു.ഡി.എഫ്സ്ഥാനാര്‍ത്ഥി ഖാദര്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. യു.ഡി.എഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തെ കുറച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ ഇടതിന്റെ പാഴ്‌വേലമാത്രമാണ്.

ഇടത്-ബിജെപി ബാന്ധവം
വോട്ടിംങിലും പ്രകടമായി
വോട്ടെണ്ണലിലൂടനീളം
കെ.എന്‍.എ.ഖാദറിനു ലീഡ്
ഇടത് സ്ഥാനാര്‍ത്ഥിക്ക് സ്വന്തം
ബൂത്തില്‍ പോലും
146 വോട്ടുകളുടെ തോല്‍വി
എസ്.ഡി.പി.ഐ വോട്ടുകള്‍ 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിനേക്കാളും
കുത്തനെ കുറഞ്ഞു
മുസ്‌ലിംലീഗിനെതിരെ മാധ്യമങ്ങള്‍
പ്രചരിപ്പിച്ചയാള്‍ നോട്ടയേക്കാളും
പിറകില്‍
കഴിഞ്ഞ നിയമസഭാതെരഞ്ഞെടു
പ്പില്‍ മത്സരിച്ച വെല്‍ഫയര്‍
പാര്‍ട്ടിയും പി.ഡി.പിയും
വോട്ടുകള്‍ മറിച്ചു നല്‍കി