മലപ്പുറം: ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ മുറ്റിനിന്ന പാണക്കാട് തറവാട്ടിലേക്ക് പടജയിച്ച് കെ.എന്‍.എ ഖാദറെത്തുമ്പോള്‍ അതൊരു പുതിയ ചരിത്രവുമായിട്ടായിരുന്നു. നിയമസഭയുടെ ചരിത്രത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ വിജയവുമായിട്ടായിരുന്നു ആ വരവ്. പണക്കാട് അക്ഷരാര്‍ഥത്തില്‍ പച്ചക്കടലായി.

നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ തടിച്ചുകൂടിയത്. വേങ്ങരയില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെയാണ് കെ.എന്‍.എ ഖാദര്‍ പാണക്കാട്ടെത്തിയത്. കാരത്തോടെത്തുമ്പോള്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു ഈ വിജയത്തിന്റെ ശില്‍പി മുസ്്‌ലിംലീഗിന്റെ കരുത്ത് പി.കെ കുഞ്ഞാലിക്കുട്ടി. ഇവിടെ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കൊപ്പം പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എന്‍.എ ഖാദറും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും അഡ്വ. യു.എ ലത്തീഫും വിജയാഘോഷത്തിനൊപ്പം ചേര്‍ന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ വസതിയില്‍ വിജയമാഘോഷിക്കാനെത്തിയവര്‍ക്കെല്ലാം പായസം വിളമ്പി.

പാണക്കാടെത്തി ഇവിടെ കാത്തുനിന്ന പ്രവര്‍ത്തകരെയും കണ്ട് കെ.എന്‍.എ ഖാദര്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലേക്ക് പുറപ്പെട്ടു. രാവിലെ എട്ടുമണിയോടെ പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആശീര്‍വാദം ഏറ്റുവാങ്ങിയാണ് കെ.എന്‍.എ ഖാദര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പി.എസ്.എം.ഒ കോളജിലേക്ക് പുറപ്പെട്ടത്.