മലപ്പുറം: വേങ്ങര ബാക്കിക്കയത്ത് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവുങ്ങല്‍ ഇസ്മയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മകന്‍ മുഹമ്മദ് ഷമ്മിലിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെയാണ് പിതാവും രണ്ടു മക്കളും ഒഴുക്കില്‍ പെട്ടത്. മൂത്ത മകന്‍ ഷാനിബിനെ രക്ഷപ്പെടുത്തിയിരുന്നു. കടലുണ്ടിപ്പുഴയില്‍ ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ഒഴുക്കില്‍ പെട്ടത്.

ഇന്നലെ രാവിലെ 11.30 നാണ് സംഭവം. ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നും കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ച് പതിനെട്ട് ദിവസം മാത്രമായിട്ടുള്ളു താമസം മാറ്റിയിട്ട്. അന്ന് മുതല്‍ തന്നെ കുട്ടികള്‍ പുഴയില്‍ കുളിക്കാന്‍ ആവശ്യപ്പെടാറുണ്ടെങ്കിലും സമ്മതിക്കാറില്ലായിരുന്നു. വെള്ളിയാഴ്ച കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ഇവരും പുഴകാണാന്‍ പോകുകയായിരുന്നു. ആദ്യം മുഹമ്മദ് ശംവീല്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും അപകടത്തില്‍പ്പെട്ടു.

കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് നാട്ടുകാരറിയുന്നത്. രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ തുടങ്ങി.