സ്വന്തം നാട്ടില്‍ കളിക്കുന്നത് പോലെ’- കൊച്ചിയില്‍ അണ്ടര്‍-17 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്രസീല്‍ താരങ്ങളും കോച്ചും ഒരുപോലെ പറഞ്ഞ വാക്കിങ്ങനെ. കൊച്ചിയുടെ സ്‌നേഹ തണലിലേക്ക് കാനറികള്‍ വീണ്ടുമെത്തി, 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോണ്ടുറാസാണ് എതിരാളികള്‍. ലോസ് കത്രാച്ചോസ് എന്ന് വിളിപ്പേരുള്ള ഹോണ്ടുറാസിന്റെ പോരാളികളും ഇന്നലെ രാവിലെയോടെ കൊച്ചിയില്‍ വിമാനമിറങ്ങി. ബുധനാഴ്ച്ച ദീപാവലി നാളില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ശക്തമായി ഗ്രൗണ്ട് സപ്പോര്‍ട്ടാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ ടീമിന് കൊച്ചിയോട് ഇഷ്ടം തോന്നാന്‍ കാരണങ്ങളേറെയുണ്ട്. ഒന്ന് ബ്രസീലിലേതിന് സമാനമായ കലാവാസ്ഥ.

കൊച്ചിയിലെ ഉഷ്ണവുമായി പൊരുത്തപ്പെടാനാണ് ടീം അല്‍പ്പമെങ്കിലും ബുദ്ധിമുട്ടിയത്. കൊച്ചിയെ കുറിച്ചുള്ള ഏക പരാതിയും ഇതുമാത്രം. ആരാധകരുടെ പിന്തുണയാണ് ബ്രസീലിനെ കൊച്ചിയെ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു ഘടകം. മറ്റു വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയ കാണികളുടെ എണ്ണം ഏറെ കുറവാണ്. എന്നിട്ടും ബ്രസീലിന്റെ മത്സരങ്ങള്‍ കാണാന്‍ മഞ്ഞ ജഴ്‌സിയുമണിഞ്ഞ് കാണികള്‍ ഒഴുകിയെത്തി. ലിങ്കണിന്റെയും ബ്രന്നറിന്റെയും പൊളീഞ്ഞോയുടെയും ഓരോ നീക്കങ്ങളെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. എതിര്‍വല കുലുങ്ങിയപ്പോള്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. കാനറി കുഞ്ഞു്യൂങ്ങളെ കൊച്ചിയും അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്. ഗോവയില്‍ അവസാന ഗ്രൂപ്പ് മത്സരം കളിച്ച് ശനിയാഴ്ച്ച രാത്രിയോടെയാണ് ടീം കൊച്ചിയിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ വിശ്രമിച്ചു. വൈകിട്ട് ആറു മുതല്‍ എട്ടു വരെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പരിശീലിച്ചു. പൊതുവെ ദുര്‍ബലരാണെങ്കിലും ഹോണ്ടുറാസിനെ ശക്തരായ എതിരാളികളായി തന്നെയാണ് ബ്രസീല്‍ കാണുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ ന്യൂനതകളെല്ലാം തിരുത്തി മികച്ച വിജയവുമായി ക്വാര്‍ട്ടര്‍ ഫൈനലാണ് ലക്ഷ്യം.

ജയിച്ചാല്‍ 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനി-കൊളംബിയ മത്സര വിജയികളെയാണ് ബ്രസീലിന് നേരിടേണ്ടി വരിക. ബ്രസീല്‍-ജര്‍മ്മനി പോരാട്ടം യാഥാര്‍ഥ്യമായാല്‍ കളിയാരാധകര്‍ക്ക് ആവേശം കൂടും. കൗമാര കപ്പില്‍ മൂന്നു വട്ടം ചാമ്പ്യന്‍മാരായ ബ്രസീലിന് 2003ന് ശേഷം കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. ഇത്തവണ കപ്പിലേക്കുള്ള ആദ്യ കടമ്പ വലിയ വെല്ലുവിളികളില്ലാതെ തന്നെ മറികടന്നു. പ്രാഥമിക റൗണ്ടില്‍ മൂന്നു മത്സരങ്ങളും ജയിച്ചാണ് ബ്രസീല്‍ ഡി ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. ആദ്യ മത്സരത്തില്‍ സ്‌പെയിനിനോട് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചു കയറി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തി. നൈജറിനെയും നോര്‍ത്ത് കൊറിയയെയും മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. ഓരോ ഗ്രൂപ്പിലും മൂന്നാം സ്ഥാനത്തെത്തിയ ടീമുകളില്‍ മികച്ച നാലു ടീമുകളില്‍ ഉള്‍പ്പെട്ടാണ് ഹോണ്ടുറാസ് ഇ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഗുവാഹത്തിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ച ടീം ആദ്യ മത്സരത്തില്‍ ജപ്പാനോട് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോറ്റിരുന്നു.

ഈ തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ ന്യൂകാലിഡോണിയയോട് കലിപ്പ് തീര്‍ത്ത ടീം അവരെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്. ഈ വിജയമാണ് ശനിയാഴ്ച്ച ഫ്രാന്‍സിനോട് 5-1ന് തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ടീമിന് വഴിയൊരുക്കിയത്. ഹോണ്ടുറാസ് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ ജിംനേഷ്യത്തിലായിരുന്നു താരങ്ങള്‍ ചെലവഴിച്ചത്.