Connect with us

kerala

228 കോടി ബാങ്ക് തട്ടിപ്പ് കേസ്: അനില്‍ അംബാനിയുടെ മകന്‍ ജയ് ആന്‍മോള്‍ അംബാനിയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

ആര്‍എച്ച്എഫ്എല്‍ വാങ്ങിയ വായ്പ തിരിച്ചടക്കാതെ 228 കോടി രൂപ കിട്ടാക്കടമായി മാറിയെന്നാണ് ബാങ്കിന്റെ പരാതി.

Published

on

ന്യൂഡല്‍ഹി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വ്യവസായി അനില്‍ അംബാനിയുടെ മകന്‍ ജയ് ആന്‍മോള്‍ അംബാനിയുടെ വീട്ടിലും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ (ആര്‍എച്ച്എഫ്എല്‍)ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി.

യൂണിയന്‍ ബാങ്ക് (മുന്‍പ് ആന്ധ്ര ബാങ്ക്) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആര്‍എച്ച്എഫ്എല്‍ വാങ്ങിയ വായ്പ തിരിച്ചടക്കാതെ 228 കോടി രൂപ കിട്ടാക്കടമായി മാറിയെന്നാണ് ബാങ്കിന്റെ പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ ജയ് അംബാനി, ആര്‍എച്ച്എഫ്എല്‍, കമ്പനിയുടെ മുന്‍ സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ രവീന്ദ്ര ശരദ് സുധാകര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറന്റ് അടിസ്ഥാനമാക്കി സിബിഐ മുബൈയിലുള്ള റിലയന്‍സ് ഹോം ഫിനാന്‍സിന്റെ രണ്ട് ഔദ്യോഗിക കെട്ടിടങ്ങളും, ജയ് അംബാനിയുടെ വസതിയും, മുന്‍ സിഇഒ രവീന്ദ്ര സുധാകറിന്റെ വീടും പരിശോധിച്ചു.

അന്വേഷണത്തിനിടെ അനില്‍ അംബാനിയുടെ കഫേ പാരേഡിലെ സീ വിന്‍ഡ് അപ്പാര്‍ട്ട്മെന്റിന്റെ ഏഴാം നിലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി പ്രധാന രേഖകളും ഡിജിറ്റല്‍ ഡാറ്റയും സിബിഐ കയ്യിലെടുത്തു. (ആര്‍എച്ച്എഫ്എല്‍) 18 ബാങ്കുകള്‍, കമ്പനികള്‍, ബാങ്കിങേതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ആകെ 5572.35 കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിട്ടുണ്ട്.

വായ്പ ദുരുപയോഗം ചെയ്തതായും അക്കൗണ്ടുകളില്‍ വ്യത്യാസങ്ങള്‍ കാണപ്പെട്ടതായും പ്രാഥമിക പരിശോധനയില്‍ സൂചനകള്‍ ലഭിച്ചിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലും ഇന്നലെ തന്നെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചരണം നടക്കും.

 

Continue Reading

kerala

‘ഞങ്ങളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു’; മനസ് നിറഞ്ഞ് വോട്ട് ചെയ്ത് അന്തേവാസികള്‍

വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.

Published

on

ചിത്രം : നിതിന്‍ കൃഷ്ണന്‍

എസ്. സുധീഷ്‌കുമാര്‍

കൊച്ചി: ഇടുക്കികാരി ഏലികുട്ടിയും കോട്ടയത്തുകാരന്‍ ജോസും തിരുവനന്തപുരത്തുകാരി മറിയാമ്മയും തൃശൂരില്‍ നിന്നുള്ള സിസിയും വോട്ട് ചെയ്തത് ഒരു ബൂത്തില്‍. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജ് ബൂത്തിലെത്തിയപ്പോള്‍ ഇവര്‍ മനസിലെ നോമ്പരങ്ങള്‍ മറന്നു. അലങ്കരിച്ച ബൂത്തും തിരക്കും കണ്ടപ്പോള്‍ മനസില്‍ ആവേശം അലതല്ലി. സ്വന്തം നാടും തെരഞ്ഞെടുപ്പും മനസിലേക്കോടിയെത്തി. ഓര്‍മകളില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോള്‍ എല്ലാവരുടെയും മനസ് ഒന്നിടറി, എങ്കിലും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെ കൈപിടിച്ച് ബൂത്തിലേക്ക്. വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.

80 അന്തേവാസികളാണ് ഹൗസ് ഓഫ് പ്രൊവിഡന്‍സിലുള്ളത്. കുടുംബത്തിലെ വിഷമതകളെ തുടര്‍ന്നാണ് വിവിധ നാടുകളില്‍ നിന്നായി പലരും പല വര്‍ഷങ്ങളിലായി പ്രൊവിഡന്‍സില്‍ എത്തിയത്. 1937ല്‍ ആരംഭിച്ച പ്രൊവിഡന്‍സില്‍ എത്തിച്ചേരുന്നവരെയെല്ലാം സ്ഥാപനം ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ ഡിവിഷന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ കോട്ടയത്തു നിന്നെത്തിയവരും തൃശൂരില്‍ നിന്നെത്തിയവരും മലബാറില്‍ നിന്നെത്തിയവരും കൊച്ചി കോര്‍പ്പറേഷനിലെ വോട്ടര്‍മാരായി. സ്റ്റാഫുകളും അന്തേവാസികളും അടക്കം നൂറിന് അടുത്ത് വോട്ട് പ്രൊവിഡന്‍സ് ഹോമിലുണ്ട്. എന്നാല്‍, 48 അന്തേവാസികള്‍ മാത്രമാണ് ഇന്നലെ വോട്ട് ചെയ്തത്. ബാക്കിയുള്ളവരില്‍ പലരെയും ശാരീരിക അവശതകള്‍ തളര്‍ത്തി കളഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ തങ്ങളെ കാണാനെത്തിയിരുന്നതായി കോട്ടയം സ്വദേശിയായ ജോസ് പറഞ്ഞു. ‘വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിനാലാണ് അവശതകള്‍ ഉണ്ടെങ്കിലും പോളിങ് സ്‌റ്റേഷനിലെത്തിയത്’-ജോസ് പറഞ്ഞു.

വോട്ടിനാണെങ്കിലും പുറത്തേക്കിറങ്ങാനായതിന്റെ സന്തോഷം ഏലിക്കുട്ടിയുടെയും സിസിലിയുടെയും മുഖത്തു കാണാമായിരുന്നു. ആളുകളെ കണ്ടതോടെ പലരുടെയും മുഖം വിടര്‍ന്നു. രാവിലെ 10 മണിയോടെ മദര്‍ സുപ്പീരിയര്‍ മേരി പോളിന്റെയും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെയും കൈപിടിച്ച് ഓരോരുത്തരായി പോളിങ് സ്‌റ്റേഷനിലേക്കെത്തി. പലര്‍ക്കും അവശതയുണ്ടായിരുന്നു. ചിലര്‍ ക്യൂവില്‍ നിന്നു. ചിലരാവട്ടെ പോളിങ് സ്‌റ്റേഷനില്‍ സ്ഥാപിച്ച ഇരിപ്പിടങ്ങളില്‍ ഇരുന്നു. ഓരോരുത്തരുടെയും സമയമെത്തിയപ്പോള്‍ കൃത്യതയോടെ ഒപ്പിട്ടും വിരല്‍ പതിപ്പിച്ചും വോട്ട് ചെയ്തു. മുന്‍പും ഇലക്ട്രോണിക് മെഷീനില്‍ വോട്ട് ചെയ്തിരുന്നതിനാല്‍ ആര്‍ക്കും ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവര്‍ 12 മണിയോടെ വോട്ട് ചെയ്തു മടങ്ങിയത്. ഇവര്‍ക്കൊപ്പം മദര്‍സുപ്പീരിയര്‍ മേരി പോളും സിസ്റ്റര്‍ ജെബിയും വോട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് അന്തേവാസികളെയെല്ലാം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുമെന്നും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യിക്കാറുണ്ടെന്നും ഇരുവരും പറഞ്ഞു.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങുന്ന ഹൗസ് ഓഫ് പ്രൊവിഡന്‍സ് അന്തേവാസികളായ 89കാരി കൊച്ചുത്രേസ്യ ജോര്‍ജും,ഏലിക്കുട്ടിയും, ത്രേസി ചിക്കുവും.

Continue Reading

kerala

സംസ്ഥാനത്ത്‌ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമായ മുന്നേറ്റത്തിലാണ്.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയ്ക്ക് വീണ്ടും വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,945 രൂപയും പവന്റെ വില 95,560 രൂപയായി. 18 കാരറ്റില്‍ ഗ്രാമിന് 65 രൂപ വര്‍ധിച്ച് 9,825 രൂപയും 14 കാരറ്റില്‍ ഗ്രാമിന് 50 രൂപ കൂട്ടി 7,650 രൂപയായി.

വെള്ളിയുടെ വില ഗ്രാമിന് 195 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമായ മുന്നേറ്റത്തിലാണ്. ട്രോയ് ഔണ്‍സിന് 0.45% വര്‍ധനവോടെ ഇന്നത്തെ വില 4,207.57 ഡോളര്‍. ഇന്ന് മാത്രം 18.69 ഡോളര്‍ ഉയര്‍ന്നതായി വിപണി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ വിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറവുണ്ടായപ്പോള്‍, ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപ, പവന് 480 രൂപ കുറവുണ്ടായി. ഇതോടെ ഗ്രാമിന് 11,865 രൂപയും പവന് 94,920 രൂപയും ആയിരുന്നു.

18 കാരറ്റില്‍ 45 രൂപ കുറച്ച് 9,760 രൂപയും, 14 കാരറ്റില്‍ 40 രൂപ കുറച്ച് 7,600 രൂപ എന്ന നിലയിലായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ വര്‍ധനവോടെ വില 11,930 യില്‍ നിന്ന് 11,955 രൂപയായി ഉയര്‍ന്നിരുന്നു. പവന്റെ വിലയും 200 രൂപ ഉയര്‍ന്ന് 95,640 രൂപയായിരുന്നു. ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് വരെ കുറയ്ക്കും എന്ന പ്രതീക്ഷയും, വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ നടത്തുന്ന സ്വര്‍ണം വാങ്ങലിലെ വര്‍ധനയും ആഗോള വിപണിയില്‍ വില ഉയരാന്‍ പ്രധാന കാരണങ്ങളാകുന്നു.

ഈ പ്രവണത തുടര്‍ന്നാല്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില 5,000 ഡോളര്‍ കടക്കും എന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയടക്കമുള്ള വിപണികളില്‍ പവന് വില ഒരു ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്.

 

Continue Reading

Trending